നവി മുംബൈ : മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് 50 കോടി ഇൻഷുറൻസുള്ള നവി മുംബൈ നെരൂളിലെ 38 വയസ്സുള്ള ബിസിനസുകാരന്റെ സംസ്കരിച്ച മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. വിദഗ്ധ പരിശോധനയ്ക്കായി ഫൊറൻസിക് വിദഗ്ധർ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു.

ബിസിനസുകാരനായ സൊഹൈൽ മുൻഷിക്ക് മേയ് 12-ന് കാർ ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായെന്നും വാഷിപാലത്തിൽവെച്ച് നിയന്ത്രണംവിട്ട കാർ കണ്ടെയ്‌നർ ട്രക്കിൽ ഇടിച്ചുവെന്നും പറഞ്ഞാണ് ഭാര്യ നബിഹ സൊഹൈലിനെ ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കുകളോടെയെത്തിയ സൊഹൈൽ ആശുപത്രിയിൽവെച്ച് മരിച്ചു. ഇതേത്തുടർന്നാണ് സൊഹൈലിന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പരാതി നൽകിയത്.

അപകടസമയത്ത് സൊഹൈൽ ആയിരുന്നില്ല കാർ ഓടിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. മരണശേഷം ഉടനടി നബിഹ കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതും 50 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് അവകാശമുന്നയിച്ചതും സംശയാസ്പദമാണെന്നും സൊഹൈലിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്തംബർ 19-ന് സംസ്കരിച്ച മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വാഷി പോലീസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതിയുടെ അനുമതിയോടെ മൃതദേഹം വീണ്ടെടുത്ത് ജെ.ജെ. ആശുപത്രിയിൽവെച്ച് പോസ്റ്റ്‌മോർട്ടം നടത്തി ഫൊറൻസിക് പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ശേഖരിച്ചശേഷം വീണ്ടും സംസ്കരിച്ചു.

ഫൊറൻസിക് പരിശോധനാഫലം വന്നാൽമാത്രമെ യഥാർഥ മരണകാരണം അറിയാൻ കഴിയൂവെന്നും നിലവിൽ സൊഹൈലിന്റെ ഭാര്യയ്ക്കെതിരേ മനഃപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി എഫ്.ഐ.ആർ. രജിസ്റ്റർചെയ്തിട്ടുണ്ടെന്നും വാഷി പോലീസ്‌സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ രമേഷ് ചവാൻ പറഞ്ഞു.