നവി മുംബൈ : വിപണിയിലേക്ക് വരവ് കുറഞ്ഞതോടെ തക്കാളിയുടെവില കുത്തനെ കുതിച്ചുയർന്നു. വാഷിയിലെ മൊത്തവിപണിയായ എ.പി എം.സി. യിൽ നല്ലയിനം തക്കാളി ചില്ലറയായി വിൽക്കുന്നത് കിലോയ്ക്ക് നൂറുരൂപയായാണ.് നിലവാരം കുറഞ്ഞ തക്കാളിയുടെ വില 50 രൂപ മുതൽ 70 രൂപ വരേയാണ്. അസമയത്ത് പെയ്ത മഴയെത്തുടർന്ന് കൃഷി നശിച്ചതാണ് തക്കാളിയുടെ വരവ് കുറയാൻ കാരണമായത്.

തക്കാളിയുടെ കുത്തനെയുള്ള വിലവർധന ഹോട്ടലുകളെയടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സെപ്റ്റംബർ അവസാനത്തോടെയാണ് വിപണിയിലേക്ക് തക്കാളിയുടെ വരവ് കുറയാൻ തുടങ്ങിയത്. വിളവെടുപ്പ് കഴിഞ്ഞ് പുതിയ തക്കാളി വരുന്നതുവരെ അടുത്ത ഇരുപത് ദിവസത്തേക്ക് ഈ സ്ഥിതി തുടരുമെന്നാണ് എ.പി.എം.സി. പച്ചക്കറി വിപണി ഡയറക്ടർ ശങ്കർ പിംഗ്ലെ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ക്ഷാമം നേരിടുന്നതിനാൽ അവിടെനിന്ന്‌ തക്കാളി വിപണിയിലേക്ക് എത്താനുള്ള സാധ്യത കുറവാണ്. മുംബൈയിലും നവി മുംബൈയിലുമായി ഒരു ദിവസം 300 ടൺ തക്കാളിയാണ് ആവശ്യമായി വരുന്നത്. ഇത് പ്രധാനമായും എത്തുന്നത് നാസിക്ക്, സത്താറ എന്നിവിടങ്ങളിൽ നിന്നാണ്. നിലവിൽ ഈ ഭാഗങ്ങളിൽ നിന്ന് നൂറു ടണ്ണിൽ താഴെ തക്കാളി മാത്രമാണ് ഒരോ ദിവസവും വിപണിയിൽ എത്തുന്നതെന്നും ശങ്കർ പിംഗ്ലെ പറഞ്ഞു. എല്ലാ വർഷവും ഈ സീസണിൽ വിപണിയിലേക്ക് ധാരാളം പച്ചക്കറി എത്തുകയും വില കുറയുകയും പതിവാണ്. എന്നാൽ ഇത്തവണ സ്ഥിതി നേരെ മറിച്ചാണെന്ന് വാഷി നിവാസിയായ നിഷ സുനിൽ പറഞ്ഞു.