മുംബൈ: മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ടുവർഷം. 2008 നവംബർ 26-നായിരുന്നു രാജ്യത്തെ നടുക്കിയ ആ സംഭവം. രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനത്ത് കടൽ മാർഗം എത്തിയ പത്ത് ലഷ്കർ ഭീകരർ ചാവേറുകളായിമാറി മുംബൈയിൽ കുരുതിക്കളം തീർക്കുകയായിരുന്നു. ദക്ഷിണമുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, നരിമാൻ പോയന്റിലെ ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി എന്നിവിടങ്ങൾ അവർ ആക്രമിച്ചു.
മുംബൈയ്ക്കൊപ്പം രാജ്യമൊട്ടാകെ മൂന്നുദിവസം വിറങ്ങലിച്ച് നിന്നു. നവംബർ 29- ന് പുലർച്ചെ ദേശീയ സുരക്ഷാ സേനയുടെ ‘ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ’ അവസാനത്തെ ഭീകരനെയും കൊലപ്പെടുത്തിയപ്പോൾ രാജ്യം വിജയാരവം മുഴക്കി.
മഹാരാഷ്ട്ര ഭീകരവിരുദ്ധസേന തലവൻ ഹേമന്ദ് കർക്കരെ, അഡീഷണൽ പോലീസ് കമ്മിഷണർ അശോക് കാംതെ, ഏറ്റുമുട്ടൽ വിദഗ്ധൻ വിജയ് സലാസ്കർ, മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, അജ്മൽ കസബിനെ പിടികൂടിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തുക്കാറാം ഓംബ്ലെ എന്നിവർ ഉൾപ്പെടെ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. വിദേശസഞ്ചാരികളടക്കം 166 പേർ രക്തസാക്ഷികളായി. 260 പേർക്ക് പരിക്കേറ്റു. അജ്മൽ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടാനായി. മറ്റുള്ള ഒമ്പതുപേരെ സുരക്ഷാഭടൻമാർ വെടിവെച്ചുകൊന്നു. കസബിനെ 2012 നവംബറിൽ തൂക്കിലേറ്റി.മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയും താജ് ഹോട്ടലും