മുംബൈ : മഹാരാഷ്ട്രയിൽ അടുത്ത രണ്ടുമൂന്നുമാസത്തിനുള്ളിൽ ബി.ജെ.പി. സർക്കാർ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന പാർട്ടിനേതാവുമായ റാവുസാഹബ് ദാൻവേ അവകാശപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഇച്ഛാഭംഗമാണ് ദാൻവേയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നും ഉദ്ധവ് താക്കറെ സർക്കാർ കാലാവധി തികയ്ക്കുകതന്നെ ചെയ്യുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു.
പർഭാനി ജില്ലയിൽ നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബി.ജെ.പി. പൊതുയോഗത്തിൽ സംസാരിക്കവേയാണ് ദാൻവേ സംസ്ഥാനത്ത് ഭരണമാറ്റം ഉടനുണ്ടാവുമെന്ന സൂചന നൽകിയത്. മഹാരാഷ്ട്രയിൽ ബി.ജെ.പി.ക്ക് സർക്കാരുണ്ടാക്കാനാവില്ലെന്ന് പ്രവർത്തകർ കരുതേണ്ടതില്ലെന്നും പാർട്ടി അതിനുള്ള കരുനീക്കങ്ങൾ നടത്തുന്നുണ്ടെന്നും ദാൻവേ പറഞ്ഞു. രണ്ടുമൂന്നു മാസത്തിനുള്ളിൽ ബി.ജെ.പി. അധികാരത്തിൽ വരുമെന്നും അതിനായി പ്രവർത്തകർ സജ്ജരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ഭരണം നഷ്ടമായെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ബി.ജെ.പി. നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്ന വസ്തുതയാണ് ദാൻവേയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം തട്ടിക്കൂട്ടിയ മൂന്നുദിവസംമാത്രം ആയുസ്സുണ്ടായിരുന്ന ഫഡ്‌നവിസ് മന്ത്രിസഭയുടെ ഒന്നാം വാർഷിക ദിനത്തിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചതെന്ന കാര്യം ശ്രദ്ധിക്കണം. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ കാലാവധി തികയ്ക്കുകതന്നെ ചെയ്യും -റാവുത്ത് പറഞ്ഞു. പ്രസംഗത്തിൽ ദാൻവേ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ അവകാശവാദം പ്രതിപക്ഷത്തെന്നപോലെ ബി.ജെ.പി.യിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമം ബി.ജെ.പി. ഉപേക്ഷിച്ചിട്ടില്ലെന്ന് പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, അതിന് പ്രത്യേക സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ സർക്കാർ എന്നു നിലവിൽവരുമെന്ന് പറയാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്.