മുംബൈ : കൊങ്കണിലെ സിന്ധുദുർഗിൽ നിർമിച്ച ചിപ്പി വിമാനത്താവളം ഒക്ടോബർ ഒമ്പതിന്‌ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും .മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ പങ്കെടുക്കും. അലയൻസ്‌ എയർ മുംബൈയിൽനിന്ന്‌ പുതിയ വിമാനത്താവളത്തിലേക്ക്‌ സർവീസ്‌ നടത്തുമെന്ന്‌ അറിയിച്ചു.

70 സീറ്റുകളുള്ള വിമാനമാണ്‌ സർവീസ്‌ നടത്തുന്നത്‌. രാവിലെ 11.35- ന്‌ മുംബൈയിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് ഒരുമണിക്ക്‌ ചിപ്പി വിമാനത്താവളത്തിലെത്തും. 1.25 നാണ്‌ വിമാനത്തിന്റെ മടക്കയാത്ര. ഈ വിമാനം 2.50- ന്‌ മുംബൈയിൽ എത്തുമെന്ന്‌ അലയൻസ്‌ എയർ അറിയിച്ചു. 2621 രൂപയാണ്‌ നിരക്ക്‌. 800 കോടി െചലവഴിച്ചാണ്‌ ചിപ്പി എയർപോർട്ട്‌ നിർമിച്ചിട്ടുള്ളത്‌. മഹാരാഷ്‌ട്രയിലെ 14-ാ മത്തെ എയർപോർട്ടാണിത്‌. രണ്ടുവർഷം മുമ്പ്‌ ചിപ്പി വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നവിസും വ്യോമയാനമന്ത്രിയായിരുന്ന സുരേഷ്‌ പ്രഭുവും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്തിരിന്നു.

2500 മീറ്റർ നീളമുള്ള റൺവേയാണ്‌ ഇവിടെയുള്ളത്‌. ഭാവിയിൽ 1000 മീറ്റർ കൂടി ദീർഘിപ്പിക്കാനാവും 400 യാത്രക്കാരെ ഒരു ദിവസം വിമാനത്താവളത്തിന്‌ ഉൾക്കൊള്ളാനാവും. പ്രതിവർഷം 10 ലക്ഷം പേർ യാത്രക്കാരായി എത്തുമെന്നും പ്രതീക്ഷിക്കുന്നു.

കൊങ്കൺ മേഖലയുടെ വികസനത്തിന്‌ ചിപ്പി വിമാനത്താവളം വേഗത പകരുമെന്ന്‌ കരുതുന്നു.

വിനോദസഞ്ചാരികളെ കൂടുതലായി പ്രകൃതിമനോഹരമായ കൊങ്കണിലേക്ക്‌ ആകർഷിക്കാൻ വിമാനസർവീസ്‌ സഹായകരമായി തീരുമെന്നും പ്രതീക്ഷിക്കുന്നു. കൊങ്കണിൽ ധാരാളമായി വിളയുന്ന മാങ്ങയും കശുവണ്ടിയും മുംബൈയിലേക്ക്‌ എത്തിക്കാനും പദ്ധതിയുണ്ട്‌്.

ഭാവിയിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻസംസ്ഥാനങ്ങളിലേക്ക്‌ സർവീസ്‌ ആരംഭിക്കാനും ലക്ഷ്യമിട്ടിടുണ്ടെന്ന്‌ അധികൃതർ വ്യക്തമാക്കി.ഐ.ആർ.ബി. സിന്ധുദുർഗ്‌ എയർപോർട്ട്‌ കമ്പനിയാണ്‌ നിർമിച്ചിരിക്കുന്നത്‌.’നിർമിച്ച്‌ പ്രവർത്തിപ്പിച്ച്‌ കൈമാറുക’ എന്ന വ്യവസ്ഥയിലാണ്‌ ഇതിന്റെ നിർമാണം.