മുംബൈ : മഹാരാഷ്ട്രയിൽനിന്ന്‌ രാജ്യസഭയിലേക്ക്‌ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ ഒഴിവാക്കണമെന്ന്‌ അഭ്യർഥിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ പ്രതിപക്ഷ നേതാവ്‌ ദേവേന്ദ്രഫഡ്‌നവിസിനെ കണ്ടു. ഒക്ടോബർ നാലിനാണ്‌ തിരഞ്ഞെടുപ്പ്‌. പത്രിക പിൻവലിക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയാണ്‌. റവന്യൂമന്ത്രി ബാലാസഹേബ്‌ തോറാട്ട്‌, പി.സി.സി. പ്രസിഡന്റ്‌ നാനാപട്ടോളെ എന്നിവരാണ്‌ ഫഡ്‌നവിസിനെ കണ്ടത്‌.

ബി.ജെ.പി എം.എൽ.എ. മാരുടെ സസ്പെൻഷൻ പിൻവലിച്ചാൽ വോട്ടെടുപ്പ്‌ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന്‌ ഫഡ്‌നവിസ്‌ ഉപാധിവെച്ചതായി അറിയുന്നു. നിയമസഭയിൽ മോശമായി പെരുമാറിയതിനാണ്‌ 12 ബി.ജെ.പി. എം.എൽ.എ. മാരെ ഒരുവർഷത്തേക്ക്‌ സസ്പെൻഡ്‌ ചെയ്തിട്ടുള്ളത്‌. ഇവർക്ക്‌ രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ വോട്ട്‌ രേഖപ്പെടുത്തനായി വിധാൻഭവനുപുറത്ത്‌ പ്രത്യേക പോളിങ്‌ബൂത്ത്‌ ക്രമീകരിക്കാൻ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ തീരുമാനിച്ചിരുന്നു. കോൺഗ്രസിന്റെ നേതാവായിരുന്ന രാജീവ്‌ സാതവിന്റെ നിര്യാണത്തോടെയാണ്‌ രാജ്യസഭയിലേക്ക്‌ ഒഴിവുവന്നിരിക്കുന്നത്‌. മഹാവികാസ്‌ അഘാഡി സഖ്യസ്ഥാനാർഥി രജനിപാട്ടീലും ബി.ജെ.പി യുടെ സഞ്‌ജയ്‌ ഉപാധ്യായും തമ്മിലാണ്‌ മത്സരം. രണ്ടുപേരും ബുധനാഴ്ച പത്രികസമർപ്പിച്ചിരുന്നു. ജമ്മുകശ്‌മീരിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാണ്‌ രജനിപാട്ടീൽ. ബി.ജെ.പി. യുടെ മുംബൈ സെക്രട്ടറിയാണ്‌ സഞ്‌ജയ്‌ ഉപാധ്യായ. 288 അംഗനിയമസഭയിൽ മഹാവികാസ്‌ അഘാഡി സഖ്യത്തിന്‌ 169 പേരുടെ പിന്തുണ ഉണ്ടെന്നാണ്‌ അവരുടെ അവകാശവാദം. സഖ്യത്തിൽ പങ്കാളികളായ ശിവസേന, എൻ.സി.പി, കോൺഗ്രസ്‌ കക്ഷികൾ ചേർന്ന്‌ 152 എം.എൽ.എ മാരാണുള്ളത്‌. 17 സ്വതന്ത്ര എം.എൽ.എ. മാരുടെ പിന്തുണയും സഖ്യം അവകാശപ്പെടുന്നു. ബി.ജെ.പി.ക്ക്‌ 106 എം.എൽ.എ. മാരാണുള്ളത്. സ്വതന്ത്രരുടെ പിന്തുണ പാർട്ടിയും അവകാശപ്പെടുന്നുണ്ട്‌. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ എം.എൽ.എ. മാരുടെ കൂറുമാറ്റംകൂടി ലക്ഷ്യമിട്ടാണ്‌ ബി.ജെ.പി. സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നതെന്നാണ്‌ റിപ്പോർട്ടുകൾ.