നവി മുംബൈ : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വസായ്- ദിവ-പൻവേൽ മെമു ഷട്ടിൽ സർവീസ് 24 മുതൽ പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സർവീസ് നിർത്തിയതോടെ ഈ മേഖലകളിലെ റോഡ്, റെയിൽ യാത്രക്കാരുടെ ദുരിതയാത്രക്കറുതി വരുത്താൻ മെമു സർവീസ് പുനരാരംഭിക്കുന്നത് ആശ്വാസകരമാകും.

മധ്യറെയിൽവേ 16 മെമു പ്രത്യേക സർവീസുകളാണ് ഈ റൂട്ടിൽ ഓടിച്ചിരുന്നത്. ഇതിൽ എട്ടെണ്ണം ദിവ-വസായ് റൂട്ടിലും ബാക്കിയുള്ളവ വസായ്-ദിവ-പൻവേൽ റൂട്ടിലുമാണ് സർവീസ് നടത്തിയിരുന്നത്. ഈ ഇടനാഴി ദീർഘദൂര മെമു സർവീസുകൾക്കും, ചരക്കുവണ്ടികൾക്കുമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പൻവേൽ-ദിവ- വസായ് ഇടനാഴിയിൽ ലോക്കൽ ട്രെയിനുകൾ ഓടിക്കണമെന്ന നിർദേശം പരിഗണനയിലുണ്ടെങ്കിലും പ്രാവർത്തികമായിട്ടില്ല. ഈ റൂട്ടിൽ ലോക്കൽ ട്രെയിനുകൾ ഓടിക്കുകയാണെങ്കിൽ പ്രതിദിനം 4.5 ലക്ഷം യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.