മുംബൈ : അനധികൃത പണമിടപാടുകേസിലെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി വ്യാഴാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി.) വിശദീകരണം തേടി. ഇ.ഡിയുടെ മറുപടി ലഭിച്ചശേഷം സെപ്റ്റംബർ 29-ന് ദേശ്‌മുഖിന്റെ ഹർജി പരിഗണിക്കും.

മുംബൈയിലെ ബാറുകളിൽനിന്ന് എല്ലാ മാസവും 100 കോടി രൂപ വീതം പിരിച്ചുനൽകാൻ മന്ത്രിയായിരിക്കേ അനിൽ ദേശ്‌മുഖ് പോലീസുകാർക്ക് നിർദേശം നൽകിയെന്ന് മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത പണമിടപാടുകളെപ്പറ്റി ഇ.ഡി. അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് ദേശ്‌മുഖിന് ഇ.ഡി. അഞ്ചുതവണ സമൻസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെ ഹാജരാകാൻ തയ്യാറായിട്ടില്ല.

ഇ.ഡി.യുടെ സമൻസ് റദ്ദാക്കണമെന്നും തന്റെ മൊഴി ഇലക്ട്രോണിക് മാധ്യമത്തിലൂടെ രേഖപ്പെടുത്താൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ദേശ്‌മുഖ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ അന്വേഷണം വിലയിരുത്തുന്നതിന് മുംബൈയ്ക്ക് പുറത്തുള്ള ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യങ്ങളുന്നയിച്ച് ദേശ്‌മുഖ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. ആഭ്യന്തര മന്ത്രിയായിരിക്കേ നഗരത്തിലെ ബാറുകളിൽനിന്ന് തനിക്കുവേണ്ടി ആരും പണം പിരിച്ചിട്ടില്ലെന്നും ആ പണം കടലാസു കമ്പനികൾ വഴി കുടുംബ ട്രസ്റ്റിലേക്ക് കൈമാറിയിട്ടില്ലെന്നും ദേശ്‌മുഖ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ജസ്റ്റിസ് എസ്.എസ്. ഷിന്ദേയും ജസ്റ്റിസ് എൻ.ജെ. ജമാദാറുമടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ദേശ്‌മുഖിന്റെ ഹർജി പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് ഈ വിഷയത്തെപ്പറ്റി പ്രതികരിക്കാനുണ്ടെന്നും അതുവരെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും ഇ.ഡിയ്ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയിൽ പറഞ്ഞു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള കളിയാണിതെന്ന് ദേശ്‌മുഖിന്റെ അഭിഭാഷകർ കുറ്റപ്പെടുത്തി. ഹർജിയിൽ 29-ന് വാദം തുടരുമെന്ന് കോടതി അറിയിച്ചു.

ദേശ്‌മുഖുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് 17 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. നാഗ്പുർ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ 30 സ്ഥാപനങ്ങളിൽ 17-ന് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു. കണക്കിൽപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകൾ നടത്തിയതായും ചെലവുകൾ പെരുപ്പിച്ചു കാണിച്ചതായും വ്യാജ സംഭാവനാരശീതികൾ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.