മുംബൈ : സെപ്റ്റംബർ 26-ന് ഞായറാഴ്ച കൽവ-മുംബ്ര സ്റ്റേഷനുകൾക്കിടയിൽ പത്തു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുമെന്ന് മധ്യ റെയിൽവേ അറിയിച്ചു.

താനെ-ദിവ റൂട്ടിൽ അഞ്ച്, ആറ് ലൈനുകളുടെ പണി നടക്കുന്നത് കൊണ്ടാണിത്. കാലത്ത് എട്ടു മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഗതാഗതം തടസ്സപ്പെടുക.

ഈ സമയത്ത് കല്യാൺ ഭാഗത്തു നിന്നും മുംബൈയിലേക്ക് പോകുന്ന വണ്ടികൾ ദിവയിൽ നിന്നും ഫാസ്റ്റ് ലൈനിലേക്ക് മാറും. പണി പൂർത്തിയാക്കുന്നതിനായി അടുത്ത മാസങ്ങളിലും ഇതേ രീതിയിൽ ഗതാഗത തടസ്സം നേരിടുമെന്ന് ഈ പദ്ധതി നടപ്പാക്കുന്ന മുംബൈ റെയിൽ വികാസ് കോർപ്പറേഷൻ അറിയിച്ചു. ഇതേ തുടർന്ന് ഈ സ്റ്റേഷനുകളിലെ യാത്രക്കാർക്കായി അടുത്ത സ്റ്റേഷനുകളിലേക്ക് പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ലോക്കൽ ട്രെയിനുകൾ ലക്ഷ്യ സ്ഥാനത്തെത്താൻ പത്ത് മിനിറ്റോളം വൈകാനും സാധ്യതയുണ്ട്.