ഡോംബിവിലി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ 29 പേർക്കെതിരേ കേസെടുത്ത ഡോംബിവിലി മാൻപാഡ പോലീസ് രണ്ട് കൗമാരപ്രായക്കാരടക്കം 26 പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരിൽ ചിലർ കല്യാൺ , ഡോംബിവിലി ഗ്രാമീണഭാഗങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ മക്കളാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പോലീസ് പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മറ്റു മൂന്നുപേരെ തിരയുന്നു.

മുംബൈക്കടുത്ത് ഡോംബിവിലിയിലെ ഭോപ്പർ ഗ്രാമവാസിയായ പെൺകുട്ടിയെ മൂന്നുദിവസംമുമ്പ് ഏഴുപേർ ഇവിടത്തെ വഡ്വലി എന്ന ഗ്രാമത്തിൽ കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അവശയായ പെൺകുട്ടി അമ്മയോടൊപ്പം മാൻപാഡ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ജനുവരിയിൽ ഒരു യുവാവുമായി പരിചയത്തിലായ പെൺകുട്ടി അയാളുമായി ശാരീരികബന്ധത്തിലേർപ്പെടുകയും അതിനിടയിൽ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങളടങ്ങുന്ന വീഡിയോ തയ്യാറാക്കുകയും ചെയ്തതായാണ് പരാതി. തുടർന്ന് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതിയും കൂട്ടുകാരും ഒമ്പതുമാസമായി തന്നെ പലയിടങ്ങളിലും പലപ്പോഴായി കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കിയെന്നും പെൺകുട്ടി ആരോപിക്കുന്നു.

അറസ്റ്റിലായ പ്രതികളിൽ പ്രായപൂർത്തിയായ 24 പേരെയും കല്യാൺ സെഷൻസ് കോടതി സെപ്റ്റംബർ 29 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മറ്റു രണ്ടുപേരെ ഭിവൺഡി റിമാൻഡ് ഹോമിലേക്ക് അയച്ചു. കുട്ടിയെ താനെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും മാൻപാഡ പോലീസ് സ്റ്റേഷൻ പരിസരത്ത് ധർണ നടത്തി. അപ്പർ പോലീസ് കമ്മിഷണർ ദത്താത്രയ് കരാളെയുടെ നിർദേശാനുസരണം താനെ എ.സി.പി. സോനാലി ട്ടോലെ, ഡി.സി.പി. സഞ്ജയ് ഗുൻജാൾ, എ.സി.പി. ജെ. ഡി. മോരെ, സീനിയർ ഇൻസ്പെക്ടർ ദാദാഹരി ചൗഗുലെ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.