മുംബൈ : മുംബൈ തീരദേശപാതയുടെ ജോലികൾ 40 ശതമാനത്തോളം പൂർത്തിയായെന്നും 2023 നവംബറിൽ ആദ്യഘട്ടം സജ്ജമാകുമെന്നും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. മറൈൻഡ്രൈവ് മുതൽ കാന്തിവ്‌ലി വരെയുള്ള 22.2 കിലോമീറ്ററാണ് തീരദേശപാത. 12,000 കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്.

ഇതിൽ മറൈൻഡ്രൈവ് മുതൽ വർളിവരെയുള്ള 9.98 കിലോമീറ്റർ പാതയാണ് രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാകുക. ഇതിൽ 1.9 കിലോമീറ്റർ തുരങ്കപാതയുടെ പകുതിയോളം പണിയും പൂർത്തിയായിട്ടുണ്ട്. 900 മീറ്റർ തുരങ്കനിർമാണംകൂടി ബാക്കിയുണ്ടെന്നാണ് ബി.എം.സി. കമ്മിഷണർ ഇഖ്ബാൽ സിങ് ചഹൽ പറയുന്നത്.

40 അടി വീതിയിലാണ് മലബാർഹില്ലിൽ തുരങ്കം തീർത്തിരിക്കുന്നത്. മലബാർഹില്ലിൽ ഏകദേശം 70 മീറ്റർ താഴ്ചയിലും സമുദ്രനിരപ്പിൽനിന്നും 20 മീറ്റർ താഴെയുമായി തീരപ്രദേശത്തുകൂടിയുള്ള തുരങ്കം ഇന്ത്യയിൽ ആദ്യമായിട്ടാണ് നിർമിക്കുന്നത്. ആദ്യഘട്ടിൽ 2.7 കിലോമീറ്റർ ദൂരത്തിലാണ് പാത. എട്ടുവരിപ്പാതയാണെങ്കിലും തുരങ്കത്തിനുള്ളിൽ മൂന്നുവരിയായിരിക്കും. ഇതിൽ ഒരെണ്ണം അത്യാവശ്യഘട്ടങ്ങളിൽമാത്രം ഉപയോഗിക്കാനായി മാറ്റിനിർത്തും.

1852 കാറുകൾക്ക് പാർക്കുചെയ്യാൻ ഒരു ഭൂഗർഭസംവിധാനവും ഇതോടൊപ്പംവരും. ഇതുകൂടാതെ, 125 ഏക്കർ സ്ഥലത്ത് ഉദ്യാനവും ഉണ്ട്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ ജോലിനടക്കുകയാണെന്നും ചഹൽ കൂട്ടിച്ചേർത്തു. പദ്ധതി പൂർത്തിയാകുന്നതോടെ പശ്ചിമമേഖലയിൽനിന്നും മുംബൈയിലേക്കുള്ള വാഹനങ്ങളുടെ തിരിക്ക് മറ്റു റോഡുകളിൽ നന്നായി കുറയ്ക്കാൻ കഴിയും.

പദ്ധതി പൂർത്തിയാകുന്നതോടെ ഇതുവഴി ദിവസം 1,30,000 വാഹനങ്ങൾ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്.