മുംബൈ : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വിജയത്തിനു പിന്നാലെ ജില്ലാസഹകരണ ബാങ്കുകളുടെ ഭരണസമിതികളും മഹാവികാസ് അഘാഡി സഖ്യം(എം.വി.എ.) പിടിച്ചെടുത്തു. രത്നഗിരി ജില്ലാസഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി നരായൺ റാണെയുടെ മകൻ നിലേഷ് റാണെയുടെ പാനൽ ശിവസേന എൻ.സി.പി. സഖ്യത്തിന്റെ പാനലിനോട് പരാജയപ്പെടുകയായിരുന്നു.

നാരായൺറാണെ ബി.ജെ.പി.യിൽ എത്തി കേന്ദ്രമന്ത്രിയായി മാറിയെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രകടമായില്ല. നിലേഷ് റാണെയുടെ പാനലിനെതിരേ ശിവസേനയും എൻ.സി.പി.യും ചേർന്ന് പാനലിന് രൂപംനൽകിയതോടെ റാണെയ്ക്ക് വിജയം കാണാനായില്ല. സത്താറ, സാംഗ്ലി ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണവും മഹാവികാസ് അഘാഡി സഖ്യംനേടി. സാംഗ്ലിയിൽ ശിവസേനയും എൻ.സി.പി.യും കോൺഗ്രസും ചേർന്ന് പാനലിന് രൂപംനൽകുകയായിരുന്നു. എൻ.സി.പി. സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത്പാട്ടീലാണ് സഖ്യത്തിന് മുൻകൈയെടുത്തത്. ജൽഗാവ് ജില്ലാസഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ ഒരു സീറ്റ് മാത്രമേ ബി.ജെ.പി.ക്ക് ലഭിച്ചുള്ളൂ. ബി.ജെ.പി.യിൽനിന്നും എൻ.സി.പി.യിലെത്തിയ മുൻമന്ത്രി ഏക്‌നാഥ് ഖഡ്‌സെയുടെ തട്ടകമാണ് ജൽഗാവ്. മുൻ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നവിസ് പാർട്ടിയിൽ ഒതുക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് ഖഡ്‌സെ പാർട്ടിവിട്ടത്.