മുംബൈ : മുൻ മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിനെ ചണ്ഡീഗഢിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച വൈകീട്ട് ഒരു ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്.

അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് അദ്ദേഹം മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തിരുന്നു. തുടർന്നാണ് ലൊക്കേഷൻ നോക്കി എവിടെയാണെന്ന് തിരിച്ചറിഞ്ഞത്. സിങ് ഉടൻതന്നെ അദ്ദേഹത്തിനെതിരേ പോലീസ് അന്വേഷിക്കുന്ന കേസിൽ ഹാജരാകാൻ മുംബൈയിൽ എത്തുമെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു.

231 ദിവസമാണ് പരംബീർ സിങ് ഒളിവിൽ കഴിഞ്ഞത്. മഹാരാഷ്ട്രാ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച സിങ്ങിന്റെപേരിൽ പിന്നീട് സംസ്ഥാനത്ത് ആറോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അനിൽ ദേശ്‌മുഖിനെതിരേ ബോംബെ ഹൈക്കോടതിയിൽ പരാതി നൽകിയാണ് സിങ് ഒളിവിൽ പോകുന്നത്.

ഇതിനിടെ, ദേശ്‌മുഖിനെതിരെ കൊടുത്ത കേസ് പിൻവലിക്കുകയാണെങ്കിൽ പരംബീർ സിങ്ങിനെതിരെയുള്ള നടപടികളും ഒഴിവാക്കാമെന്ന് സംസ്ഥാന ആക്ടിങ് ഡി.ജി.പി. സഞ്ജയ് പാണ്ഡെ അദ്ദേഹത്തോട് പറഞ്ഞിരുന്നതായി സിങ്ങിന്റെ അഭിഭാഷകൻ വെളിപ്പെടുത്തിയിരുന്നു. നഗരത്തിലെ ബാറുകളിൽ നിന്ന്‌ 100 കോടി രൂപ പിരിച്ചുനൽകണമെന്നാണ് അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടതെന്നും ഇത് സി.ബി.ഐ. അന്വേഷിക്കണമെന്നും അഭ്യർഥിച്ചാണ് സിങ് ഹൈക്കോടതിയിൽ പരാതി നൽകിയത്.

കഴിഞ്ഞദിവസം സുപ്രീം കോടതി പരംബീർ സിങ്ങിനോട് താങ്കൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ആരാഞ്ഞിരുന്നു. താൻ ഇന്ത്യയിൽതന്നെയുണ്ടെന്നും മുംബൈ പോലീസ് തന്നെ അറസ്റ്റുചെയ്യാൻ കാത്തിരിക്കയാണെന്നും അതിനാലാണ് ഒളിവിൽ കഴിയേണ്ടി വരുന്നതെന്നും അദ്ദേഹം മറുപടിയായിപറഞ്ഞിരുന്നു.

സിങ്ങിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്നാണ് അദ്ദേഹം ഒളിവുജീവിതം അവസാനിപ്പിക്കുന്നത്. കോടതിയിൽ കേസിന്റെ അടുത്തവാദം ഡിസംബർ ആറിന് നടക്കും.