പുണെ : സ്കൂളുകൾ വീണ്ടും തുറക്കുകയും വിദ്യാർഥികൾ ക്ളാസുകളിൽ എത്തുകയും ചെയ്തതിനാൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ബോർഡ് പരീക്ഷകൾ സാധാരണ ഓഫ്‌ലൈൻ മോഡിൽ നടത്തണമെന്ന് മഹാരാഷ്ട്ര സംസ്ഥാന വിദ്യാഭ്യാസ ബോർഡ് സർക്കാരിനോട് ശുപാർശ ചെയ്തു.

കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ സർക്കാരിന് അയച്ച നിർദേശത്തിൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (എച്ച്.എസ്.സി.- ക്ലാസ് 12), സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്.എസ്.സി.- ക്ലാസ് 10) പരീക്ഷകൾ ഓഫ്‌ലൈനായി നടത്തണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.

കോവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകൾ റദ്ദാക്കിയിരുന്നു. കോവിഡ് രണ്ടാംതരംഗത്തിന് ശേഷം സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുകയും ക്ളാസുകൾ ആരംഭിച്ച സ്കൂളുകളിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽ 85-90 ശതമാനം വിദ്യാർഥികൾ എത്തുകയും ചെയ്തതിനാലാണ് ഈ വർഷത്തെ പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താൻ നിർദേശിച്ചത്.