മുംബൈ : മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന്റെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സീതാറാം കുന്ദെയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. 25-ന് വ്യാഴാഴ്ചഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും മന്ത്രിസഭാ യോഗങ്ങളുടെ തിരക്ക് കാരണം തനിക്ക് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം മറുപടി നൽകി.

മന്ത്രിയായിരിക്കെ അനിൽ ദേശ്‌മുഖ് പണം വാങ്ങി പോലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റങ്ങൾ നടത്താറുണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ചും കേസിന്റെ മറ്റു വശങ്ങളെക്കുറിച്ചും ആരായാനാണ് ചീഫ് സെക്രട്ടറിയിക്ക് ഇ.ഡി. നോട്ടീസ് അയച്ചത്.

ജോലിയിൽനിന്ന് പിരിച്ചു വിട്ട മുൻ പോലീസ് ഓഫീസർ നഗരത്തിലെ ബാറുകളിൽനിന്ന്‌ 4.70 കോടി രൂപ പിരിച്ചെടുത്ത് ദേശ്‌മുഖ് കുടുംബത്തിന്റെ അധീനതയിലുള്ള ശ്രീ സായ് ശിക്ഷൺ സൻസ്താനിൽ നിക്ഷേപിച്ചതായി ആരോപണമുണ്ട്. ദേശ്‌മുഖ് മുംബൈയിലെ ബാറുകളിൽനിന്ന് 100 കോടി പിരിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നതായി മുൻ പോലീസ് കമ്മിഷണർ പരംബീർ സിങ്ങും ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ദേശ്‌മുഖ് നിഷേധിച്ചിരുന്നു.