മുംബൈ : എൻ.സി.ബി. മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡേയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരേ പ്രസ്താവന നടത്തുന്നതിൽനിന്ന്‌ മന്ത്രി നവാബ് മാലിക്കിനെ തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് തള്ളിയതിനെത്തുടർന്ന് സമീറിന്റെ പിതാവ് ധ്യാൻദേവ് വാംഖഡെ അപ്പീലുമായി വീണ്ടും ഹൈക്കോടതിയിൽ. ഡിവിഷൻ ബെഞ്ചിനെയാണ് അദ്ദേഹം ഇപ്പോൾ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ എസ്.ജെ. കാത്താവാല, മിലിന്ദ് ജാദവ് എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻബെഞ്ച് വ്യാഴാഴ്ച അപ്പീൽ പരിഗണിക്കും.

ജസ്റ്റീസ് മഹാദേവ് ജാമ്ദറാണ് മന്ത്രിക്കെതിരേയുള്ള ധ്യാൻദേവ് വാംഖഡെയുടെ ഹർജി തള്ളിയത്. കൃത്യമായി വസ്തുതകൾ പരിശോധിച്ച ശേഷമേ പ്രസ്താവനകൾ നടത്താവൂ എന്നുമാത്രമാണ് കോടതി മന്ത്രിയോട് നിർദേശിച്ചത്.

സമീർ വാംഖഡെയുടെ മുസ്‌ലിം ആചാരപ്രകാരമുള്ള വിവാഹവും ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ചും മന്ത്രിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സമീറിന്റെ പിതാവ് മന്ത്രിക്കെതിരേ കോടതിയെ സമീപിച്ചത്.

കേന്ദ്രസർവീസിൽ ജോലി ലഭിക്കുന്നതിന് സമീർ വാംഖഡെ വ്യാജ ജാതിസർട്ടിഫിക്കറ്റ് സമർപ്പിച്ചതായിട്ടാണ് മന്ത്രിയുടെ ആരോപണം.

ആഡംബരക്കപ്പലിലെ ലഹരിവിരുന്നുകേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ എൻ.സി.ബി. യുടെ പിടിയിലായതിനുപിന്നാലെ മന്ത്രി നവാബ് മാലിക് സമീർവാംഖഡേയ്‌ക്കെതിരേ ആരോപണങ്ങളുമായി രംഗത്തുവരികയായിരുന്നു.