മുംബൈ : ശമ്പളവർധനയല്ല വേണ്ടതെന്നും മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ സർക്കാരിന്റെ കീഴിലാക്കുകയാണ് ആവശ്യമെന്നും കോർപ്പറേഷൻ തൊഴിലാളികൾ ആവർത്തിച്ച് പ്രഖ്യാപിച്ചു. ബുധനാഴ്ച സർക്കാർ പ്രഖ്യാപിച്ച ഇടക്കാല ശമ്പളവർധന ആവശ്യമില്ലെന്നും സമരം നിർത്തില്ലെന്നും അവർ വ്യക്തമാക്കി.

ശമ്പളം വർധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഗതാഗതവകുപ്പ് മന്ത്രി അനിൽ പരബ് ആണ് നടത്തിയത്. കോർപ്പറേഷനെ സർക്കാരിന്റെ കീഴിലാക്കാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അത് സർക്കാരിന് വലിയബാധ്യത സൃഷ്ടിക്കും. എങ്കിലും ജീവനക്കാർക്ക് ഇടക്കാല ശമ്പളം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. 2500 മുതൽ 5000 രൂപവരെ അടിസ്ഥാന ശമ്പളത്തിൽ മാറ്റംവരും. ഇത് കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമാണ്. അതിനാൽ ജീവനക്കാർ സമരം പിൻവലിക്കണമെന്നും ഗതാഗതമന്ത്രി അഭ്യർഥിച്ചു.

എം.എസ്.ആർ.ടി.സി. ജീവനക്കാരുടെ യൂണിയനുകളുമായി നടത്തിയ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് മന്ത്രി ഇത് പ്രഖ്യാപിച്ചത്. എന്നാൽ, ഒന്നും പറയാനില്ലെന്നും ആസാദ് മൈതാനിയിൽ ഇരിക്കുന്ന സമരക്കാരുമായി ചർച്ചനടത്തി തീരുമാനം പ്രഖ്യാപിക്കും എന്നായിരുന്നു യൂണിയൻ നേതാക്കളുടെ പ്രതികരണം.

എന്നാൽ, വൈകീട്ട് ആസാദ് മൈതാനിയിൽ സർക്കാരിന്റെ നിർദേശം തള്ളുന്നതായും സമരം തുടരുന്നതായും പ്രഖ്യാപിക്കുകയായിരുന്നു ജീവനക്കാർ. പുതിയ ശമ്പളവർധനയോടെ സർക്കാരിന് ഒരുമാസം 60 കോടിയും വർഷം 750 കോടിയും അധികച്ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോർപ്പറേഷൻ ജീവനക്കാർ സമരം തുടങ്ങിയത്‌ ഒക്ടോബർ 28-ന് ആണ്. നവംബർ ഒൻപതുമുതലാണ് ഡിപ്പോകൾ അടച്ചിട്ട് സമരം ശക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലായി സമരംചെയ്ത താത്‌കാലിക ജീവനക്കാരിൽ നല്ലൊരു വിഭാഗത്തിനെ പിരിച്ചുവിട്ടിരുന്നു. സ്ഥിരം ജീവനക്കാരിൽ ആയിരത്തോളം പേരെ സസ്‌പെൻഡ്‌ ചെയ്യുകയുമുണ്ടായി. സമരത്തെത്തുടർന്ന് യാത്രചെയ്യാൻ കഴിയാതെ ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്.

സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇവയാകട്ടെ, ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയെന്ന പരാതിയും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സമരത്തിൽനിന്നു പിന്മാറണമെന്ന് നേരത്തേ കോടതി നിർദേശിച്ചിരുന്നെങ്കിലും സമരക്കാർ ചെവിക്കൊണ്ടിട്ടില്ല. കോടതി നിർദേശത്തെത്തുടർന്ന് സർക്കാർ ഈ കാര്യം ചർച്ചചെയ്ത് പോംവഴി കണ്ടെത്താൻ ഒരു മൂന്നംഗ കമ്മിറ്റിയും രൂപപവത്കരിച്ചിരുന്നു. എന്നിട്ടും സമരവുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു ജീവനക്കാരുടെ തീരുമാനം. എം.എസ്.ആർ.ടി.സി.യ്ക്ക് 16,000 ബസുകളാണുള്ളത്. 93,000 ജീവനക്കാരുമുണ്ട്.