മുംബൈ : സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8807 ആണ്. രണ്ടുദിവസമായി ആറായിരത്തിലേക്ക് കുറഞ്ഞശേഷമാണ് ഒറ്റ ദിവസം രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ ഇത്രയധികം വർധനയുണ്ടായത്.

ഏകദേശം രണ്ടരമാസങ്ങൾക്കു ശേഷമാണ് 24 മണിക്കൂറിനുള്ളിൽ ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തുടനീളം രോഗം പിടിപെടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.

മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ രോഗം പിടിപെട്ടവരുടെ എണ്ണം 1167 ആണ്. ഇതും രണ്ടുദിവസം കുറഞ്ഞ ശേഷമാണ് കുത്തനെ വർധിച്ചത്. സംസ്ഥാനത്ത് 8,807 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ രോഗം പിടിപെട്ടവരുടെ എണ്ണം 21,21,119 ആയി ഉയർന്നു. ബുധനാഴ്ച 2,772 പേരാണ് ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 20,08,623 ആയി. നിലവിൽ ചികിത്സയിലുള്ളത് 59,358 പേരാണ്. 51 പേർ കൂടി 24 മണിക്കൂറിനുള്ളിൽ മരിച്ചതോടെ മരണ സംഖ്യ 51,857 ആയി.

കോവിഡ് പിടിപെട്ട മന്ത്രി ഛഗൻ ഭുജ്ബലിന്റെ കീഴിൽ ജോലിചെയ്യുന്ന 11 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട 62 പേരോട് സമ്പർക്കവിലക്കിൽ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.