മുംബൈ : സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുത്തവരുടെ എണ്ണം കഴിഞ്ഞ ദിവസം പത്തുലക്ഷം പിന്നിട്ടു. ഇതിൽ രണ്ടു ലക്ഷത്തോളം പേർ മുംബൈയിൽ നിന്നാണ്. സംസ്ഥാനത്ത് എട്ടു ലക്ഷത്തോളം ആരോഗ്യപ്രവർത്തകരാണ് വാക്സിൻ സ്വീകരിക്കാൻവേണ്ടി പേർ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഏകദേശം ഏഴ് ലക്ഷത്തോളം പേർ വാക്സിൻ എടുത്തു കഴിഞ്ഞു. ബാക്കിയുള്ളവരിൽ കുറേപ്പേർ കൂടി വരുമെന്നാണ് അധികാരികൾ പ്രതീക്ഷിക്കുന്നത്.

മൂന്നുലക്ഷത്തിലധികം കോവിഡ് മുന്നണി പ്പോരാളികളായ പോലീസ്, മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ എന്നിവരാണ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ജനുവരി 16-ന് ആണ് സംസ്ഥാനത്ത് കോവിഡ് വാക്സിൻ നൽകാൻ തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ മുംബൈയിൽ 31 വാക്സിൻ ദിനങ്ങൾ ബുധനാഴ്ച പിന്നിട്ടു. ഇവിടെ രണ്ടുലക്ഷത്തോളം പേർ വാക്സിൻ എടുത്തത് ഇത്രയും ദിവസങ്ങൾക്കുള്ളിലാണ്.

നഗരത്തിൽ രണ്ട് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകരും അത്രയുംതന്നെ കോവിഡ് മുന്നണിപ്പോരാളികളും പേര്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കെല്ലാവർക്കും വാക്സിൻ നൽകാൻ ഇനിയും രണ്ടാഴ്ചയിലധികം വേണ്ടിവരും. ഈ രണ്ടുവിഭാഗത്തിൽ പെട്ടവരുടെയും രജിസ്‌ട്രേഷൻ തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. കോ-വിൻ ആപ്ലിക്കേഷനിൽ പുതുതായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ നൽകുന്നതോടൊപ്പം തന്നെ മാർച്ച് ഒന്നുമുതൽ 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള ഗുരുതരരോഗികൾക്കും വാക്സിൻ കൊടുത്തുതുടങ്ങണം. അവരുടെ രജിസ്‌ട്രേഷൻ ഉടൻതന്നെ ആരംഭിക്കാനിരിക്കെയാണ്.

'നിലവിൽ സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വാക്സിൻ നൽകൽ നടക്കുന്നത്. പേര്‌ രജിസ്റ്റർ ചെയ്ത എല്ലാവർക്കും വാക്സിൻ നൽകുകയെന്നതാണ് തങ്ങളുടെ പരിപാടി. '- പ്രതിരോധ കുത്തിവെപ്പിന്റെ ചുമതലയുള്ള ഓഫീസർ ഡോ. ദിലീപ് പാട്ടീൽ പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കുള്ള വാക്‌സിനേഷൻ പെട്ടെന്ന് തീർക്കണമെന്ന് കേന്ദ്രം

മുംബൈ : സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായിരിക്കെ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തെഴുതിയത്.

കോവിഡ് വ്യാപന തോത് വിലയിരുത്താനായി വിദഗ്ധസംഘത്തെ മഹാരാഷ്ട്രയിലേക്ക് നിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുണെ, നാഗ്പുർ, മുംബൈ, മുംബൈ സബർബൻ, അമരാവതി, താനെ, അകോള എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം കൂടിവരുന്നതായി കേന്ദ്രത്തിന് ബോധ്യമായിട്ടുള്ള സാഹചര്യത്തിൽ ഈ ജില്ലകളിലെ ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.