പുണെ : കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഗാന്ധിയൻ ഫെല്ലോഷിപ്പ് കോഴ്സിന് മാർഗദർശനം നൽകി അണ്ണാ ഹസാരെ. പുണെയ്ക്കടുത്ത് അംബേഗവിൽ ദേശീയ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ കീഴിലുള്ള ആദിവാസി ആരോഗ്യകേന്ദ്രത്തെ കേന്ദ്രീകരിച്ചാണ് ഗാന്ധിയൻ പഠനങ്ങൾ നടക്കുന്നത്.

ഗാന്ധിയൻ തത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ശ്രമമാകണം ഫെലോഷിപ്പിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് ഹസാരെ വിദ്യാർഥികളെ ഓർമിപ്പിച്ചു. ഫെല്ലോഷിപ്പിനു തുടക്കംകുറിച്ച് ഹസാരെയുടെ താമസസ്ഥലമായ റാളെഗൻ സിന്ധിയിൽ നടന്ന കോഴ്സിന്റെ ആദ്യസംവാദ ക്ളാസിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഗാന്ധിയൻ വീക്ഷണത്തിൽ ആദിവാസി മേഖലയിൽ തുടരുന്ന സാമൂഹികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആദിവാസികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വിദ്യാർഥികൾ തയ്യാറാകണമെന്നും അണ്ണാ ഹസാരെ പറഞ്ഞു.

നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആറുമാസത്തെ ഫെല്ലോഷിപ്പ് കോഴ്സ് നടക്കുന്നത്.