മുംബൈ : രണ്ടുപേരുടെ ആൾജാമ്യം വേണമെന്ന വ്യവസ്ഥയിൽ ഇളവുതേടി കവി വരവരറാവു ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ആൾജാമ്യത്തിനുപകരം തത്കാലത്തേക്ക് പണം കെട്ടിവെച്ച് പുറത്തിറങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് റാവു നൽകിയ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

ഭീമ കോറേഗാവ് കേസിൽ വിചാരണ കാത്ത് കഴിയുന്ന കവി വരവരറാവുവിന് കർശന ഉപാധികളോടെയാണ് ബോംബൈ ഹൈക്കോടതി ആറുമാസത്തെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ടുപേരുടെ ആൾജാമ്യത്തിലുമാണ് റാവുവിനെ വിട്ടയയ്ക്കുക. ജാമ്യകാലയളവിൽ മുംബൈ എൻ.ഐ.എ. കോടതിയുടെ അധികാര പരിധിയിൽത്തന്നെ താമസിക്കണം എന്നതടക്കം 12 ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്.

ആൾജാമ്യത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും എന്നതാണ് ഇളവ് ചോദിക്കാൻ കാരണം. ജില്ലാകളക്ടർ മുഖേനയാണ് ആൾജാമ്യം അനുവദിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനാവില്ലെന്ന് റാവുവിന്റെ അഭിഭാഷകൻ ആനന്ദ് ഗ്രോവർ പറഞ്ഞു. ‌

തത്കാലം സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയും ആൾജാമ്യത്തിന് സമയം അനുവദിക്കുകയും വേണം എന്നാവശ്യപ്പെട്ടാണ് ബുധനാഴ്ച ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. എൻ.ഐ.എ.യുടെ ഭാഗം കേൾക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അപേക്ഷ അടിയന്തരമായി വ്യാഴാഴ്ചതന്നെ വാദത്തിനുവെച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാലും എൻ.ഐ.എ. കോടതിയുടെ അധികാരപരിധിയിൽത്തന്നെ താമസിക്കണം എന്ന വ്യവസ്ഥയും കടുത്തതാണെന്ന് വരവര റാവുവിന്റെ കുടുംബം പറയുന്നു.

കനത്ത വാടകയുള്ള മുംബൈ നഗരത്തിൽ വീടെടുത്ത് അദ്ദേഹത്തെ ആറുമാസം പാർപ്പിക്കുന്നത് എളുപ്പമല്ല. റാവുവിന്റെ പെൺമക്കളായ സഹജയും അനലയും പവനയും കുടുംബത്തോടൊപ്പം ഹൈദരാബാദിൽ കഴിയുകയാണ്. അച്ഛനെ പരിചരിക്കുന്നതിന് ഇവർ മാറിമാറി മുംബൈയിൽ കഴിയേണ്ടിവരും.