നവി മുംബൈ : പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനായി കലംബൊലി സർക്കിളിനുസമീപത്തെ മരങ്ങൾ മുറിച്ചു മാറ്റുന്നതായി പരാതി. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്ന വ്യവസായികളാണ് ഇതിനുപിന്നിലെന്ന പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെത്തുടർന്ന് പൻവേൽ മുനിസിപ്പൽ കോർപ്പറേഷന്റെ മരങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ വിത്തൽ ഡാക്കെ ഖാണ്ടേശ്വർ പോലീസിൽ പരാതിനൽകി.

പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മരങ്ങൾ മുറിച്ച സ്ഥലങ്ങളിൽവെച്ച പുതിയ പരസ്യ ബോർഡുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന്‌ നിർദേശം നൽകിയിട്ടുണ്ടെന്നും പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ ഡപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ സച്ചിൻ പവാർ പറഞ്ഞു. സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഖാണ്ടേശ്വർ സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ദേവിദാസ് സൊണാവനെ വ്യക്തമാക്കി. പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനായി നവി മുംബൈയിൽ മരങ്ങൾ മുറിക്കുന്നത് വ്യാപകമായിരിക്കുകയാണെന്ന് പരിസ്ഥിതി സംഘടനയായ നാറ്റ്കണക്ടിന്റെ ബി.എൻ. കുമാർ ആരോപിച്ചു.