മുംബൈ : ദുബായിയിൽനിന്ന് നികുതിവെട്ടിച്ച് തപാൽ വഴി ഇന്ത്യയിലേക്കു കടത്തിയ 15 കോടി രൂപയുടെ സാധനസാമഗ്രികൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. വിലപിടിച്ച മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും സ്വർണവും സിഗരറ്റും ഇതിൽപ്പെടുന്നു.

ഉള്ളടക്കം എന്താണെന്ന് ശരിയായി വെളിപ്പെടുത്താതെ വ്യാജമേൽവിലാസത്തിൽ അയച്ച സാധനങ്ങളാണ് വിവിധ പോസ്റ്റ് ഓഫീസുകളിൽ ഏതാനും ദിവസങ്ങളായി നടത്തിയ ഏകോപിത തിരച്ചിലിൽ പിടിച്ചെടുത്തത്.

വിമാനയാത്രക്കാർ വഴിയും കപ്പലുകളിൽ ചരക്കുകളായും കള്ളക്കടത്ത് സാധനങ്ങൾ എത്തുന്നത് പതിവാണെങ്കിലും തപാൽ സംവിധാനം വഴി ഇത്രവലിയ കള്ളക്കടത്ത് ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.

അന്ധേരിയിലെ എം.ഐ.ഡി.സി. പോസ്റ്റ് ഓഫീസ്, ബാലാഡ് എസ്റ്റേറ്റിലെ ഫോറിൻ പോസ്റ്റ് ഓഫീസ്, വിലേ പാർലേയിലെ എയർപാർസൽ സോർട്ടിങ് ഓഫീസ് എന്നിവിടങ്ങളിൽ ഫെബ്രുവരി 17 മുതൽ 23 വരെ നടത്തിയ തിരച്ചിലിലാണ് കള്ളക്കടത്തു സാധനങ്ങൾ കണ്ടെടുത്തത്.

പിടിച്ചെടുത്ത സാധനങ്ങളിൽ 1470 ഐഫോണുകളും 322 ആപ്പിൾ വാച്ചുകളും 64 ഡ്രോണുകളും ഉൾപ്പെടുന്നു.

ദുബായിയിൽനിന്ന് യു.എ.ഇ. പോസ്റ്റൽ സർവീസ് വഴിയാണ് പാഴ്‌സലുകൾ അയച്ചത്. ശരിയായ ഉള്ളടക്കവും വിലയും വെളിപ്പെടുത്താതെ കസ്റ്റംസ് തീരുവയും ഇന്റഗ്രേറ്റഡ് ജി.എസ്.ടിയും വെട്ടിച്ചാണ് ഇവ കൊണ്ടുവന്നത്.

കോവിഡ് മാനദണ്ഡങ്ങൾ കാരണം അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നതുകൊണ്ടാണ് കള്ളക്കടത്തുകാർ പുതിയ വഴിതേടിയതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.

യഥാർഥ മേൽവിലാസത്തിലല്ല പാർസലുകൾ അയച്ചത് എന്നതുകൊണ്ട് ആർക്കുവേണ്ടിയാണ് കള്ളക്കടത്ത് നടത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

സാധാരണഗതിയിൽ വിശദമായ പരിശോധനകൾക്കു ശേഷമേ തപാൽ വഴി സാധനങ്ങൾ അയക്കാൻ അനുവദിക്കാറുള്ളൂ. ഇത്രയും വിലപിടിച്ച സാധനങ്ങൾ ഉള്ളടക്കം വെളിപ്പെടുത്താതെ അയയ്ക്കാനായയത് ഉദ്യോഗസ്ഥരുടെ സഹകരണം ലഭിച്ചതുകൊണ്ടാണെന്ന് സംശയമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.