മുംബൈ : രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സസ്പെൻഷനിലുള്ള എം.എൽ.എ. മാർക്ക്‌ വോട്ട്‌ രേഖപ്പെടുത്താൻ വിധാൻഭവനു പുറത്ത്‌ പ്രത്യേക പോളിങ്‌ ബൂത്ത്‌ ക്രമീകരിക്കും.12 ബി.ജെ.പി. എം.എൽ.എ. മാരാണ്‌ സസ്പെൻഷനിലുള്ളത്‌.ഒരു വർഷത്തേക്കാണ്‌ ഇവരുടെ സസ്പെൻഷൻ.ഇക്കാ ലയളവിൽ ഇവർക്ക്‌ വിധാൻസഭാപരിസരത്ത്‌ പ്രവേശിക്കാൻ അനുവാദം നിഷേധിച്ചിട്ടുണ്ട്‌. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സഭയിൽ മോശമായി പെരുമാറിയതിന്റെ പേരിലാണ്‌ ഇവരെ സസ്പെൻഡ്‌ ചെയ്തത്‌.ഒക്ടോബർ നാലിനാണ്‌ ഉപതിരഞ്ഞെടുപ്പ്‌ .

കോൺഗ്രസ് നേതാവായിരുന്ന രാജീവ്‌ സാതവിന്റെ നിര്യാണത്തോടെയാണ്‌ ഒഴിവ്‌ വന്നിരിക്കുന്നത്‌.

മഹാവികാസ്‌ അഘാഡി സഖ്യസ്ഥാനാർഥി രജനിപാട്ടീലും ബി.ജെ.പി. യുടെ സഞ്‌ജയ്‌ ഉപാധ്യായയും തമ്മിലാണ്‌ മത്സരം. രണ്ടുപേരും ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു.

ജമ്മുകശ്‌മീരിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാണ്‌ രജനിപാട്ടീൽ. ബി.ജെ.പി. യുടെ മുംബൈ സെക്രട്ടറിയാണ്‌ സഞ്‌ജയ്‌ ഉപാധ്യായ.288 അംഗനിയമസഭയിൽ മഹാവികാസ്‌ അഘാഡി സഖ്യത്തിന്‌ 169 പേരുടെ പിന്തുണ ഉണ്ടെന്നാണ്‌ അവരുടെ അവകാശവാദം.സഖ്യത്തിൽ പങ്കാളികളായ ശിവസേന, എൻ.സി.പി., കോൺഗ്രസ്‌ കക്ഷികൾ ചേർന്ന്‌ 152 എം.എൽ.എ. മാരാണുള്ളത്‌.

17 സ്വതന്ത്ര എം.എൽ.എ. മാരുടെ പിന്തുണയും സഖ്യം അവകാശപ്പെടുന്നു. ബി.ജെ.പി.ക്ക്‌ 106 എം.എൽ.എ. മാരാണുളളത്‌.

എട്ട്‌ സ്വതന്ത്രരുടെ പിന്തുണകൂടി ഉണ്ടെന്ന്‌ പാർട്ടി അവകാശപ്പെടുന്നു.