മുംബൈ: ഭീകരബന്ധം സംശയിച്ച് മുംബൈയിൽ അറസ്റ്റിലായ രണ്ടുപേർക്ക് ഡൽഹി പോലീസ് വെളിച്ചത്തുകൊണ്ടുവന്ന ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നതിന് തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സേന (എ.ടി.എസ്.) അറിയിച്ചു. ഡൽഹി പോലീസ് അറസ്റ്റുചെയ്ത മുംബൈ സ്വദേശിയായ ജാൻ മുഹമ്മദ് ശൈഖുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും വ്യക്തമായിട്ടില്ല.

ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഭീകരാക്രണമണം നടത്തുന്നതിന് പദ്ധതിയിട്ട ആറുപേരെയാണ് വിവിധ സ്ഥലങ്ങളിൽനിന്ന് ഡൽഹി പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്തത്. മുംബൈ സബർബൻ തീവണ്ടികളിൽ സ്ഫോടനം നടത്താൻ ഇവർക്ക് ഉദ്ദേശ്യമുണ്ടായിരുന്നെന്നാണ് പറയുന്നത്. ഇതിനുപിന്നാലെ നടന്ന തിരച്ചിലുകളിൽ സാക്കീർ ഹുസൈൻ ശൈഖ് എന്ന ഓട്ടോഡ്രൈവറെ എ.ടി.എസും മുംബൈ ക്രൈം ബ്രാഞ്ചും ചേർന്ന് ശനിയാഴ്ച കസ്റ്റഡിയെടുത്തു. അധ്യാപകനായ റിസ്വാൻ മോമിനെ ഞായറാഴ്ച പിടികൂടി.

ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് 2001-ൽ അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളയാളാണ് സാക്കീർ ഹുസൈൻ. ശൈഖ്.

സാക്കീറിന്റെ സഹോദരൻ ഷാക്കിർ ഹുസൈൻ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദർ അനീസ് ഇബ്രാഹിമിന്റെ കൂട്ടാളിയായി പാകിസ്താനിൽ കഴിയുകയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാക്കീർ ഹുസൈനെ ചോദ്യം ചെയ്തതിൽനിന്ന്‌ കിട്ടിയ വിവരമനുസരിച്ചാണ് റിസ്വാനെ പിടികൂടിയത്.

റിസ്വാന് കുറ്റകൃത്യ പശ്ചാത്തലമെന്തെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടില്ല.

സാക്കീറിന്റെ നിർദേശമനുസരിച്ച് റിസ്വാൻ സാക്കീറിന്റെ മൊബൈൽ ഫോൺ തകർക്കുകയും ഓടയിലെറിയുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സാക്കീറും റിസ്വാനും ബാന്ദ്രയിൽ ഒരു ആത്മീയനേതാവിനെ കാണാൻപോയതായും അതിനുശേഷം റിസ്വാന്റെ മുംബ്രയിലെ വീട്ടിൽ താമസിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

അവിടെവെച്ചാണ് സാക്കീർ ഫോൺ റിസ്വാന് കൈമാറിയതും നശിപ്പിക്കാൻ നിർദേശിച്ചതും.

സാക്കീറിനെ നേരത്തേ, ഭീഷണിപ്പെടുത്തി പണംവാങ്ങിയതിന് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ പണമിടപാടുകൾ സംശയാസ്പദമാണെന്ന് പോലീസ് പറയുന്നു.

ഇരുവരുടെയും ചെയ്തികൾ നിരീക്ഷിച്ചുവരികയാണെന്നും ഡൽഹി പോലീസ് പറയുന്ന ഭീകരാക്രമണ പദ്ധതിയുമായി ഇവർക്ക് ബന്ധമുണ്ടോ എന്നകാര്യം പിന്നീടേ വെളിപ്പെടുകയുള്ളൂവെന്നും എ.ടി.എസ്. വൃത്തങ്ങൾ അറിയിച്ചു.

കസ്റ്റഡിയിൽ വേണമെന്ന് എ.ടി.എസ്. ആവശ്യപ്പെടാത്തതുകൊണ്ട് ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.