നവിമുംബൈ : നവി മുംബൈയിലെ പ്രശസ്ത നാടകശാലയായ വിഷ്ണുദാസ് ഭാവെ ഓഡിറ്റോറിയം വെള്ളിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നു.

തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം തുറന്നത്.

പൂർണമായും അണുവിമുക്തമാക്കിയിരിക്കുന്ന ഓഡിറ്റോറിയത്തിൽ ഇനിമുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കലാ സാംസ്കാരികപരിപാടികൾ നടത്താൻ കഴിയും. കോവിഡ് ഒന്നാംതരംഗ സമയത്ത് അടച്ചിട്ട ഓഡിറ്റോറിയം കഴിഞ്ഞ ജനുവരിയിൽ തുറന്നിരുന്നുവെങ്കിലും കോവിഡ് വ്യാപനം കൂടിയതിനെത്തുടർന്ന് വീണ്ടും അടച്ചിടുകയായിരുന്നു.

ഒക്ടോബർ 22 മുതൽ ഡിസംബർ 31 വരെ നാടകങ്ങൾ ഉൾപ്പെടെയുള്ള കലാപരിപാടികൾ നടത്താൻ സംഘടനകളേയും വ്യക്തികളേയും ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മുനിസിപ്പൽ കോർപ്പറേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാർ അറിയിച്ചു.