മുംബൈ : ഭീമ കോറേഗാവ് സംഘർഷത്തിന്റെ കാരണത്തെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മിഷൻ ഐ.പി.എസ്. ഓഫീസർമാരായ പരംബീർ സിങ്ങിനും രശ്മി ശുക്ലയ്ക്കും സമൻസ് അയച്ചു.

നവംബർ എട്ടോടുകൂടി മറുപടി നൽകണമെന്നാണ് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ജെ.എൻ. പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ഭീമ കോറേഗാവ് സംഘർഷം നടക്കുമ്പോൾ മഹാരാഷ്ട്ര പോലീസിൽ ക്രമസമാധാനത്തിന്റെ ചുമതലയുള്ള അഡീഷണൽ ഡി.ജി.പി.യായിരുന്നു സിങ്. രശ്മി ശുക്ല പുണെ പോലീസ് കമ്മിഷണറായിരുന്നു. മഹാരാഷ്ട്ര ഹോംഗാർഡിന്റെ ചുമതലയുള്ള പരംബീർ സിങ് ഇപ്പോൾ എവിടെയാണ് എന്ന് അറിയില്ലെന്നാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. സി.ആർ.പി.എഫ്. ഡയറക്ടർ ജനറലായി ഹൈദരാബാദിലാണ് രശ്മി ശുക്ല.

ഭീമ കോറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിന് പുണെയ്ക്കടുത്ത് കോറേഗാവിലുണ്ടായ സംഘർഷത്തിന്റെ യഥാർഥ കാരണം കണ്ടുപിടിക്കുന്നതിന് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നവിസ് സർക്കാർ 2018 ഫെബ്രുവരി ഒമ്പതിനാണ് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ജെ.എൻ. പട്ടേലിന്റെ നേതൃത്വത്തിൽ അന്വേഷണക്കമ്മിഷനെ നിയമിച്ചത്. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാവാതിരുന്നതു കാരണം പലവട്ടം കാലാവധി നീട്ടി നൽകി. കോവിഡ് പടർന്നുപിടിച്ചതോടെ കമ്മിഷന്റെ പ്രവർത്തനം പൂർണമായി സ്തംഭിക്കുകയും ചെയ്തു. ഈ വർഷം ഡിസംബറോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് ഏറ്റവുമൊടുവിൽ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.