പുണെ : ദീപാവലിക്ക് മുന്നോടിയായി പൂണെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോംടിക്കറ്റിന്റെ വിലവർധിപ്പിക്കാൻ പുണെ റെയിൽവേഡിവിഷൻ തീരുമാനിച്ചു. ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന് 30 രൂപയാക്കിയാണ് വർധിപ്പിച്ചത്. ദീപാവലി ഉത്സവകാലത്ത് റെയിൽവേസ്റ്റേഷൻ പരിസരത്ത് അനാവശ്യമായി എത്തുന്ന യാത്രക്കാരല്ലാത്ത ആളുകളെ ഒഴിവാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ഒക്ടോബർ 25 മുതൽ നവംബർ 10 വരെ താത്‌കാലികമായാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതെന്ന് പൂണെ റെയിൽവേഡിവിഷൻ വക്താവ് മനോജ് ജവാർ പറഞ്ഞു.

റെയിൽവേസ്റ്റേഷനിൽ കോവിഡ് സുരക്ഷാപ്രോട്ടോക്കോളുകളും നിയന്ത്രണങ്ങളും നിലവിലുണ്ട്. സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയിൽവേസ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കൂള്ളൂവെന്നും യാത്രക്കാർ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് റെയിൽവേ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.