പുണെ : പുണെ മുനിസിപ്പൽ കോർപ്പറേഷൻ ഹൗസിങ് സൊസൈറ്റികളിൽ താമസിക്കുന്ന ആളുകൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി വാക്സിൻ ഓൺ വീൽ ഡ്രൈവ് ആരംഭിച്ചതായി പുണെ മുനിസിപ്പൽ കോർപ്പറേഷൻ മേയർ മുരളീധർ മൊഹോൾ പറഞ്ഞു. പുണെയിൽ പരമാവധി ആളുകൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ഉറപ്പാക്കാനായാണ് ഹൗസിങ് സൊസൈറ്റികളെ ലക്ഷ്യമിടുന്നത്. ഹൗസിങ് സൊസൈറ്റികൾ അവരുടെ പരിസരത്ത് കോവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തുന്നതിന് വാർഡ് മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്ന് മേയർ പറഞ്ഞു.

നേരത്തേ ചേരികൾ, വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കായി കോർപറേഷൻ 'വാക്സിൻ ഓൺ വീൽ' ഡ്രൈവ് നടത്തിയിരുന്നു. കോളേജുകൾ തുറന്ന സാഹചര്യത്തിൽ 18 വയസ്സിന്‌ മുകളിലുള്ള എല്ലാ വിദ്യാർഥികൾക്കും വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോളേജുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ നടത്താനും കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്.

പുണെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ഇതുവരെയായി 49.40 ലക്ഷം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുള്ളത്. 31,53,205 പേർക്ക് ഒരു ഡോസ് വാക്സിനും 17,88,745 പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയിട്ടുള്ളത്. പുണെ നഗരത്തിലെ ജനസംഖ്യ 42,10,592 ആണ്.

നഗരത്തിലെ 18 - 44 പ്രായപരിധിയിൽപ്പെട്ട 100 ശതമാനം ആളുകൾക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നാണ് പുണെ മുനിസിപ്പൽ കോർപ്പറേഷൻ അവകാശപ്പെടുന്നത്. കോർപറേഷൻ നൽകുന്ന വിവരമനുസരിച്ചു 45-59 പ്രായപരിധിയിൽ പെട്ടവരിൽ 84 ശതമാനം പേർക്കും 60 വയസ്സും അതിനുമുകളിലും പ്രായമുള്ളവരിൽ 79 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 18-44 ഗ്രൂപ്പിൽ പെട്ട 41 ശതമാനം പേർക്കും 45-59 ഗ്രൂപ്പിലെ 71 ശതമാനം പേർക്കും 60 വയസ്സിനു മുകളിലുള്ളവരിൽ 65 ശതമാനം പേർക്കുമാണ് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുള്ളത്.