മുംബൈ : ശമ്പളം തുടർച്ചയായി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് എം.എസ്.ആർ.ടി.സി. ജീവനക്കാർ ഒക്ടോബർ 27-ന് പണിമുടക്കും. എം.എസ്.ആർ.ടി.സി. വർക്കേഴ്‌സ് യൂണിയൻ അറിയിച്ചതാണിത്. ദീപാവലി വേളയിൽ എം.എസ്.ആർ.ടി.സി. ജീവനക്കാരുടെ പണിമുടക്ക് ഗ്രാമീണമേഖലയിൽ യാത്രക്ലേശത്തിനിടയാക്കിയേക്കും.

കഴിഞ്ഞ മൂന്നു മാസമായി എം.എസ്.ആർ.ടി. സി. യിൽ ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന് തൊഴിലാളി യൂണിയൻ പറയുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായി 23 ജീവനക്കാർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ട്രാൻസ്പോർട്ട് സർവീസ് സംസ്ഥാന സർക്കാരിന്റെ കീഴിലാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ സർക്കാരിന്റെ കീഴിലാണ് ട്രാൻസ്പോർട്ട് സർവീസ് പ്രവർത്തിക്കുന്നതെന്നും ശമ്പളക്കമ്മിഷന്റെ ആനുകുല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കാൻ ഇത് സഹായകരമാണെന്നും യൂണിയൻ വ്യക്തമാക്കുന്നു.