മുംബൈ : സ്വന്തം വിവാഹത്തെക്കുറിച്ച് ബിഗ്‌ബോസ്-14 പരിപാടിക്കിടെ നടൻ സൽമാൻഖാൻ നടത്തിയ പ്രതികരണമാണമിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഡാൻസ് ദീവാനെ പരിപാടിയിലെത്തിയ ആറുവയസ്സ് മാത്രം പ്രായമുള്ള മത്സരാർഥി സൽമാൻഖാന്റെ വിവാഹം പറയാതെ പറഞ്ഞപ്പോഴായിരുന്നു സദസ്സിനെ ചിരിയിൽ മുക്കി താരത്തിന്റെ രസകരമായ പ്രതികരണമുണ്ടായത്.
‘ഞാൻ സമയത്ത് വിവാഹിതനായിരുന്നുവെങ്കിൽ കൊച്ചുമക്കൾക്ക് നിന്റെ പ്രായം വരുമായിരുന്നു’-എന്നായിരുന്നു സൽമാന്റെ മറുപടി. ആറു വയസ്സുകാരൻ വേദിയിലെത്തിയപ്പോൾ പേരു ചോദിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ‘ഞാൻ നിങ്ങളുടെ ഇളയ സഹോദരനെ പോലെയാണ്, സുഹൈൽ ഖാൻ എന്നാണ് പേര്’- എന്നായിരുന്നു ആറു വയസ്സുകാരന്റെ പ്രതികരണം. ഇത് കേട്ടയുടൻ ചിരിയേറ്റെടുത്ത സദസ്സിനോടു കൂടിയായിരുന്നു സൽമാൻഖാന്റെ മറുപടി. വർഷങ്ങളായി ദേശീയ മാധ്യമങ്ങളിൽ സൽമാൻഖാന്റെ വിവാഹം ചൂടുള്ള വാർത്തയാണ്. അതുസംബന്ധിച്ച ചോദ്യങ്ങൾക്ക് അടുത്തിടെ കാര്യമായി പ്രതികരിക്കാറില്ലെങ്കിലും തമാശ പൊതിഞ്ഞ് ചിലതുപറയാറുണ്ട്.
കോടതിയിൽ തനിക്കെതിരായ എല്ലാ കേസുകളും അവസാനിച്ചാൽ വിവാഹം ആലോചിക്കാമെന്ന് അടുത്തിടെ സൽമാൻഖാൻ പറഞ്ഞിരുന്നു. വാഹനമിടിച്ച് ഒരാൾ കൊല്ലപ്പെട്ട കേസിൽ കുറ്റമുക്തനായെങ്കിലും മാനിനെ വേട്ടയാടിയ മറ്റൊരു കേസ് ജോധ്പൂർ കോടതിയിൽ നിലവിലുണ്ട്.