താനെ : താനെ നഗരസഭയുടെ കീഴിൽ കൽവയിലുള്ള ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ കൊച്ചു കുട്ടികൾക്കായി സൗജന്യ പാലിയേറ്റീവ് കെയർ സെന്റർ സ്ഥാപിക്കും.
ടാറ്റ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ താനെയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന അഞ്ച് പാലിയേറ്റീവ് കെയർ സെന്ററുകളിൽ ഒന്നായിരിക്കും കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലേത്.
മാരകരോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ടതും ആധുനികവുമായ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതോടൊപ്പം മാർഗനിർദേശങ്ങൾ നൽകാനുമാണ് സെന്റർ സ്ഥാപിക്കുന്നത്. ഇതിന്റെ സംരക്ഷണം, ഇവിടേയ്ക്കുള്ള വൈദ്യുതി, ജലവിതരണം എന്നിവയുടെ ചുമതല നഗരസഭയ്ക്കായിരിക്കും.
ഈ പദ്ധതി നടപ്പായാൽ താനെ ജില്ലയിലെ ആദിവാസി കുട്ടികൾക്കടക്കം ഏറെ പ്രയോജനകരമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
സമീപകാലത്ത് ഹൃദ്‌രോഗ ചികിത്സയ്ക്കായി ഈ ആശുപത്രിയിൽ ഒരു പ്രത്യേകകേന്ദ്രം സ്ഥാപിച്ചതിനു ശേഷമാണ് ഇപ്പോൾ നഗരസഭയുടെ ഈ പുതിയ സംരംഭം.