മുംബൈ : കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗർ ഹവേലിയിൽനിന്നുള്ള ലോക്‌സഭാംഗം മോഹൻഭായ് ദൽക്കറെ (58) മരിച്ചനിലയിൽ കണ്ടെത്തി. തെക്കൻ മുംബൈ മറൈൻ ഡ്രൈവിലെ ഗ്രീൻ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് മുംബൈ പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഗുജറാത്തിയിലെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു. എന്നാൽ കുറിപ്പിലെ കാര്യങ്ങൾ പോലീസ് പുറത്തുവിട്ടില്ല. സിൽവാസയിൽ ജനിച്ച ദൽക്കർ കർഷകനായിരുന്നു. ഭാരതീയ നവശക്തി പാർട്ടിയിൽ അംഗമായ മോഹൻഭായ് ദൽക്കർ 2019-ൽ ഏഴാം തവണയാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റിലെ സ്ഥിരംസമിതികളിലും അംഗമായിട്ടുണ്ട്. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചു ജയിച്ചത്. നേരത്തെ കോൺഗ്രസ് ടിക്കറ്റിലും ജയിച്ചിട്ടുണ്ട്. ദൽക്കറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചതായി പോലീസ് പറഞ്ഞു.