മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ബുൽധാന ജില്ലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുൽധാന നഗരത്തിനുപുറമെ ചിക്കാലി, കാംഗാവ്, ദുൽഗാവ്, മൽക്കാപൂർ എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം ശക്തമായിട്ടുള്ളത്. രാവിലെ എട്ടുമുതൽ വൈകുന്നേരം മൂന്നുവരെയാണ് അത്യാവശ്യകാര്യങ്ങൾക്കുവേണ്ടിയുളള കടകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുകയെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 5210 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചത്തെക്കാൾ കുറവാണിത്. ഞായറാഴ്ച 6,971 പേരാണ് കോവിഡ് രോഗബാധിതരായത്. സംസ്ഥാനത്തെ കോവിഡ് രോഗബാധിതരുടെ ആകെ എണ്ണം 21,06,094 എത്തി. തിങ്കളാഴ്ച സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായ 18 പേരാണ് മരിച്ചത്. മുംബൈയിൽ കോവിഡ് മരണങ്ങളില്ല. നഗരത്തിൽ തിങ്കളാഴ്ച 761 പേരാണ് കോവിഡ് രോഗബാധിതരായത്.