മുംബൈ : ഉള്ളിവില വീണ്ടും കുതിച്ചുയരുമെന്ന സൂചനയാണ് മഹാരാഷ്ട്രയിലെ നാസികിലെ ലസൽഗാവിൽ നിന്നുള്ള കർഷകർ നൽകുന്ന സൂചന. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും ഉള്ളിയെത്തുന്നത് നാസിക്കിൽ നിന്നാണ്. ക്വിന്റലിന് 970 രൂപയായിരുന്നത് 4200 രൂപ മുതൽ 4500 രൂപ വരെയായി വർധിച്ചു.
മഴയാണ് ഉള്ളിവില ഉയരാൻ കാരണമെന്നാണ് പറയുന്നത്. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് നാസിക് ലസൽഗാവിലെ ഉള്ളി കർഷകർ വ്യക്തമാക്കുന്നു. അതേസമയം മഹാരാഷ്ട്രയിലെ ഈ വിലവർധന അധികംസമയം നീണ്ടുപോകില്ലെന്നും വാഷി എ.പി.എം.സി. വിപണിയിലെ വ്യാപാരികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെ തന്നെ ചില മേഖലകളിലെയും ഉള്ളി വിപണിയിലെത്തുന്നതോടെ നാസികിൽ ഉള്ളിവിലയിലുണ്ടായിരിക്കുന്ന വർധന താനേ കുറയുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
നാസിക്കിൽ ക്രമംതെറ്റി പെയ്ത മഴയിൽ ഉള്ളികൃഷി വ്യാപകമായി നശിക്കാൻ ഇടയാക്കിയതാണ് വില വലുതായി ഉയരാൻ കാരണമായത്.