മീരാറോഡ് : കേരള സാംസ്കാരിക വേദിയുടെ പതിനെട്ടാം വാർഷികം ആഘോഷിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ കലാകേന്ദ്രത്തിൽ കോവിഡ് നിബന്ധനകൾക്ക് വിധേയമായി അവതരിപ്പിച്ച പരിപാടികൾ യുട്യൂബ്, സൂം എന്നീ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ കവി റഫീക്ക് അഹമ്മദ് ഓൺലൈനിലൂടെ മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികളും തൃശ്ശൂർ ഗന്ധർവാസ് ബാന്റിന്റെ ഗാനശകലങ്ങൾ എന്ന സംഗീത പരിപാടിയും അവതരിപ്പിച്ചു.
മാതൃകാപരമായ ജനസേവനത്തിന് വേദി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ അവാർഡിന് അർഹരായ എട്ടുപേർക്ക് പ്രശസ്തിപത്രവും ഫലകവും വിതരണം ചെയ്തു. സാമൂഹിക പ്രവർത്തകരായ കെ.പി. നാരായണൻ നമ്പ്യാർ, സജി ഐ.പി., ഗിരീഷ് നായർ, അഡ്വ. പദ്മാ ദിവാകരൻ, കെ.വി. കുഞ്ഞിക്കൃഷ്ണൻ, ഷീജ മാത്യു, ബൈഖല മസീന ആശുപത്രി കോവിഡ് വാർഡിലെ നഴ്‌സ് ബിന്ദു മനോജ്, മീരാഭയന്തർ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ആംബുലൻസ് ഡ്രൈവർ രവിചന്ദ്രൻ മയവാൻ എന്നിവരാണ് ജേതാക്കൾ.
കോവിഡ് കാലത്ത് ഇവർചെയ്ത സേവനത്തെയും ജീവകാരുണ്യപ്രവർത്തനങ്ങളെയും വിലയിരുത്തിയാണ് ഈ പുരസ്കാരം. സന്നദ്ധപ്രവർത്തനം ചെയ്യുന്ന വ്യക്തികൾക്കായി 2020-ൽ ഏർപ്പെടുത്തിയ ഈ അവാർഡിന് ഈ വർഷം മീരാഭയന്തറിലും പരിസരങ്ങളിലും ഉള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അഖില മഹാരാഷ്ട്ര അടിസ്ഥാനത്തിലായിരിക്കും വരുംവർഷങ്ങളിൽ അർഹരായവരെ കണ്ടെത്തുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.