ബെംഗളൂരു : ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിച്ച കള്ളനോട്ട് കേസിൽ രണ്ടു പ്രതികളെക്കൂടി കോടതി ശിക്ഷിച്ചു. ഗംഗാധർ രാമപ്പ ഘോൽക്കാർ, സബിറുദ്ദീൻ എന്നിവരെയാണ് ആറുവർഷം തടവിനും 15,000 രൂപ വീതം പിഴയടയ്ക്കാനും ബെംഗളൂരുവിലെ എൻ.ഐ.എ. കോടതി ശിക്ഷിച്ചത്. കേസിൽ കുറ്റക്കാരാണെന്നു കണ്ട മൂന്നുപേരെ നേരത്തേ ശിക്ഷിച്ചിരുന്നു.
ബെംഗളൂരു റൂറൽ ജില്ലയിലെ മദനയാകനഹള്ളി പോലീസ് നാലു പേർക്കെതിരേയാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. 2018 ഓഗസ്റ്റ് ഏഴിനാണ് സംഭവം. 6,84,000 രൂപയുടെ കള്ളനോട്ടുകൾ ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു. കേസ് 2018 സെപ്റ്റംബറിലാണ് എൻ.ഐ.എ. ഏറ്റെടുത്തത്. തുടർന്നു നടന്ന അന്വേഷണത്തിൽ സംഘത്തിൽ മൂന്നുപേർകൂടി ഉൾപ്പെട്ടതായി കണ്ടെത്തി. വ്യാജനോട്ടുകൾ എത്തിച്ചുകൊടുത്ത പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശികളാണിവർ. ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ഗംഗാധർ രാമപ്പ ഘോൽക്കാറിനും സബിറുദ്ദീനുമൊപ്പം മുഹമ്മദ് സജ്ജാദ് അലി, എം.ജി. രാജു, വനിത, അബ്ദുൽ ഖാദർ, വിജയ് എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ മുഹമ്മദ് സജ്ജാദ് അലി, എം.ജി. രാജു, അബ്ദുൽ ഖാദർ എന്നിവരെ ആറുവർഷം തടവിന് കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കോടതി ശിക്ഷിച്ചത്. ഗൂഢാലോചനക്കുറ്റമായിരുന്നു ഇവരുടെ പേരിൽ ചുമത്തിയിരുന്നത്. വനിത, വിജയ് എന്നിവർക്കെതിരായ വിചാരണ നടന്നുവരികയാണ്.