ന്യൂഡൽഹി : കഴിഞ്ഞ ആറുവർഷത്തിനിടയിലെ കണക്കു നോക്കിയാൽ ഏറ്റവുംകുറവ് ഡെങ്കി ബാധിതർമാത്രമാണ് ഈ വർഷം സെപ്‌റ്റംബറിൽ റിപ്പോർട്ടുചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഞായറാഴ്ച വരെയുള്ള കണക്കിൽ 87 പേരാണ് ഈ മാസം ഡെങ്കി ബാധിച്ചവർ.

മുൻവർഷങ്ങളിലെ കണക്കെടുത്താൽ 201-ൽ 6775, 2016-ൽ 1362, 2017-ൽ 1103, 2018-ൽ 374, 2019-ൽ 190, 2020-ൽ 188 എന്നിങ്ങനെയാണ് സെപ്‌റ്റംബർ മാസങ്ങളിലെ ഡെങ്കി ബാധിതരെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.

രോഗം നിയന്ത്രണവിധേയമാക്കാൻ സർക്കാർ ഊർജിതമായ പ്രതിരോധ നടപടികളെടുക്കും. പത്താഴ്ച, പത്തുദിവസം, പത്തു മിനിറ്റ് എന്ന പ്രചാരണ പരിപാടി തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി സംഘടിപ്പിക്കുന്ന ഈ യജ്ഞം ജനങ്ങൾക്കിടയിൽ ബോധവത്കരണം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. താമസകേന്ദ്രങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരാതിരിക്കാൻ ഡൽഹിയിലെ ജനങ്ങൾ സഹകരിക്കുന്നുണ്ടൈന്നും സത്യേന്ദർ ജെയിൻ പറഞ്ഞു.

ഒരു ഡെങ്കി കൊതുകുവിന്റെ ജീവിതചക്രം പത്തുദിവസമാണ്. ജനങ്ങൾ ആഴ്ചയിൽ ഒരിക്കൽ കെട്ടിക്കിടക്കുന്ന വെള്ളവും പരിസരവുമൊക്കെ ഒന്നുപരിശോധിക്കാനോ നീക്കാനോ സന്നദ്ധരായാൽ ഈ ഭീഷണി ഒഴിവാക്കാനാവും. പൂച്ചെട്ടികൾ, ഒഴിഞ്ഞപാത്രങ്ങൾ തുടങ്ങിയവയിലൊക്കെ ഡെങ്കി കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. ഇതുവരെ നിയന്ത്രണവിധേയമായാണ് നഗരത്തിലെ ഡെങ്കി ബാധ. ഇതുവരെ 210 പേർക്ക് നഗരത്തിൽ ഡെങ്കിപ്പനി ബാധിച്ചു. ഇതിൽ 41 ശതമാനം കേസുകളും ഈ മാസമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അമ്പതിലേറെ പേർക്ക് രോഗംബാധിച്ചു.