ന്യൂഡൽഹി : തെക്കൻ ഡൽഹിയിൽ മാല തട്ടിപ്പറിച്ച കേസിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫ് അറസ്റ്റിൽ. നേബ് സരായിൽ നിന്ന്‌ ഹരീഷ് (33) എന്നയാളാണ് പിടിയിലായത്. ബിരുദവും ഹോട്ടൽ മാനേജ്‌മെന്റും പൂർത്തിയായ ഇയാൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ജീവനക്കാരനാണ്. മികച്ച ശമ്പളവുമുണ്ട്. എന്നാൽ, ചൂതാട്ടത്തെത്തുടർന്നുള്ള കടം തീർക്കാനാണ് ഇയാൾ മാല മോഷ്ടിക്കുന്നതു പതിവാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഗം വിഹാറിലാണ് ഹരീഷിന്റെ താമസം. സാകേത് മെട്രോ സ്റ്റേഷനിലേക്ക് നടന്നുപോവുന്ന സ്ത്രീകളെ ലക്ഷ്യം വെക്കുകയാണ് ഇയാളുടെ പതിവു രീതി. രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളുടേയും മാല പിടിച്ചുപറിക്കും. സമീപത്തുള്ള മറ്റു പാർക്കുകളിലും ഇയാൾ ചുറ്റിക്കറങ്ങും. മാല മോഷ്ടിച്ചശേഷം ഇയാൾ കള്ളനെ പിടിക്കൂവെന്ന് ഉറക്കെ നിലവിളിക്കും. എന്നിട്ട്‌ ജനങ്ങളുടെ ശ്രദ്ധ തിരിച്ച്‌ രക്ഷപ്പെടും.