മുംബൈ : മഹാരാഷ്‌ട്രയിൽ നീറ്റ്‌ പരീക്ഷ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ്‌ രംഗത്തുവന്നു. തമിഴ്‌നാട്‌ സർക്കാർ നീറ്റ്‌ പരീക്ഷ അവസാനിപ്പിപ്പിച്ച്‌ ബിൽ പാസാക്കിയതു പോലെ മഹാരാഷ്ട്ര സർക്കാരും ബിൽ കൊണ്ടുവരണമെന്ന്‌ പി.സി.സി. അധ്യക്ഷൻ നാനാപട്ടോളെ ഉദ്ധവ്‌ താക്കറെ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

നീറ്റ്‌ പരീക്ഷയിൽ ക്രമക്കേടു നടക്കുന്നുണ്ടെന്നും ഗ്രാമീണ- ദരിദ്രവിദ്യാർഥികൾക്ക്‌ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നീറ്റ്‌ അപ്രാപ്യമാക്കുന്നുവെന്നും നാനാപട്ടോളെ പറഞ്ഞു. പ്രവേശനപരീക്ഷ എഴുതാൻ പരിശീലനം നൽകുന്നതിന്‌ സ്വകാര്യ കോച്ചിങ്‌ ക്ലാസുകൾ വൻ ഫീസാണ്‌ ഈടാക്കുന്നത്‌. പാവപ്പെട്ട വിദ്യാർഥികൾക്ക്‌ ഇത്‌ താങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ്‌ പരീക്ഷയ്‌ക്ക്‌ പകരം പ്ലസ്‌ ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത്‌ മെഡിക്കൽ കോളേജുകളിൽ വിദ്യാർഥികൾക്ക്‌ പ്രവേശനം അനുവദിക്കുന്നതിനായി നിയമനിർമാണം നടത്തണമെന്ന്‌ പട്ടോളെ സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

നീറ്റ്‌ പരീക്ഷ സി.ബി.എസ്‌.ഇ. ബോർഡ്‌ വിദ്യാർഥികൾക്കാണ്‌ ഗുണകരമായിത്തീരുന്നത്‌. നീറ്റ്‌ പരീക്ഷ നടപ്പാക്കുന്നതിനു മുമ്പ്‌ തമിഴ്‌നാട്ടിൽ മെഡിക്കൽ കോളേജുകളിൽ 70 ശതമാനത്തോളും സ്റ്റേറ്റ്‌ ബോർഡ്‌ വിദ്യാർഥികൾക്ക്‌ പ്രവേശനം ലഭിച്ചിരുന്നു.എന്നാൽ നീറ്റ്‌ നടപ്പിലായതോടെ സ്ഥിതി നേരെ തിരിച്ചായി.

2020-21 അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ 48.22 ശതമാനത്തോളം സി.ബി. എസ്‌.ഇ. വിദ്യാർഥികൾക്ക്‌ പ്രവേശനം ലഭിച്ചപ്പോൾ 26.83 ശതമാനം സ്റ്റേറ്റ്‌ബോർഡ്‌ വിദ്യാർഥികൾക്ക്‌ മാത്രമാണ്‌ തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനം ലഭിച്ചത്‌.അവിടെ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചതോടെയാണ്‌ സർക്കാർ നീറ്റ്‌ വേണ്ടെന്നുവെച്ച്‌ ബിൽ കൊണ്ടുവന്നത്‌. മഹാരാഷ്ട്രയിലും ഇതേ വിവേചനം നേരിടുന്നുണ്ട്‌. അതിന്‌ തമിഴ്‌നാട്‌ സ്വീകരിച്ച പാത തന്നെ സംസ്ഥാന സർക്കാരും സ്വീകരിക്കണമെന്ന്ും പട്ടോളെ ആവശ്യപ്പെട്ടു.