മുംബൈ : കഴിഞ്ഞ പത്ത് ദിവസമായി മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് പിടിപെടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ രംഗവിദഗ്ധർ. ഗണേശോത്സവത്തോടനുബന്ധിച്ചുള്ള കൂടിച്ചേരലുകൾ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയേക്കുമെന്നാണ് സംശയം.

ഗണേശോത്സവം അവസാനിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണെങ്കിലും അതിന് പത്ത് ദിവസം മുമ്പെ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ അതിന്റെ ചലനങ്ങൾ കോവിഡ് രോഗികളുടെ കണക്കിൽ വന്നിട്ടില്ല എന്നത് ആശ്വാസകരമാണ്. നിലവിൽ ഒരുദിവസം ശരാശരി 3000-ത്തിന് മുകളിൽ ആളുകൾക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. മരണവും അമ്പതിൽ താഴെയാണ്. മുംബൈയിലേയും അവസ്ഥവ്യത്യസ്ഥമല്ല. നഗരത്തിൽ ശരാശരി 400-450 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

ഓഗസ്റ്റ് 10 മുതൽ ഏകദേശം രണ്ടാഴ്ചയോളം 300-ൽ താഴെ പേർക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. പിന്നീടുള്ള രണ്ടാഴ്ച ഇത് 300-ന് മുകളിലായി. എന്നാൽ കഴിഞ്ഞ പത്ത് ദിവസത്തോളം ഇത് 400-ന് മുകളിലേക്ക് എത്തിയിരിക്കയാണ്.

ഏറ്റവും തിരക്കേറിയ മുംബൈയിൽ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർധനഉണ്ടായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. അതിനാൽ മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും അടുത്ത രണ്ടാഴ്ച അതിപ്രധാനമാണ്.

രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാകുകയാണെങ്കിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും പുനഃസ്ഥാപിക്കേണ്ടി വന്നേക്കും. നിലവിലുള്ള സ്ഥിതിയിൽ ഒരു മൂന്നാംതരംഗം മുന്നിൽ കാണുന്നില്ലെന്നാണ് വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടത്.

എന്നാൽ ഇതിന്റെ കൃത്യമായഅവസ്ഥ രണ്ടാഴ്ചയ്ക്കുശേഷം വ്യക്തമാകുമെന്നാണ് ചിലരെങ്കിലും സൂചിപ്പിക്കുന്നത്. മുംബൈ, പുണെ.

അഹമ്മദ് നഗർ, സോളാപ്പൂർ, സത്താറ തുടങ്ങിയ ജില്ലകളിലാണ് ഇപ്പോഴും രോഗം പിടിപെടുന്നവരുടെ എണ്ണം കൂടി നിൽക്കുന്നത്. അഹമ്മദ് നഗറിൽ കഴിഞ്ഞദിവസം 588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഏറ്റവുംകൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന ജില്ലയായി അഹമ്മദ് നഗർ മാറിയിട്ട് രണ്ടാഴ്ചയിലധികമായി. പുണെയിൽ 350-ലധികം പേർക്കും സത്താറ, സോളാപ്പൂർ എന്നിവിടങ്ങളിൽ 250-ലധികവും പേർ ഓരോദിവസവും കോവിഡിന്റെ പിടിയിലാകുന്നുണ്ട്.

അതേ സമയം 23 ജില്ലകളിൽലും മുനിസിപ്പൽ കോർപ്പറേഷനുകളിലും ദിവസം പത്തിൽ താഴെപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിൽതന്നെ ഹിംഗോളി, നാന്ദഡ്, അകോള, അമരാവതി, ഭിവണ്ടി, ധുലെ തുടങ്ങിയ ജില്ലകളിൽ കോവിഡ് രോഗികൾ ഇല്ലെന്നത് ഏറെ ആശ്വാസംപകരുന്നു.

സംസ്ഥാനത്ത് രോഗികൾ 3,608; മരണം 48

മുംബൈ : സംസ്ഥാനത്ത് ബുധനാഴ്ച 3,608 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 65.31 ലക്ഷത്തിലേക്കെത്തി. 4,285 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 63.49 ലക്ഷമായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 39,984 ആയി കുറഞ്ഞു. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 48 പേരാണ്. ആകെ മരണം 1,38,664 ലേക്കുയർന്നു. മുംബൈയിൽ ബുധനാഴ്ച 488 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 359 പേർ ആശുപത്രി വിടുകയും ചെയ്തു. രോഗമുക്തി നിരക്ക് 97 ശതമാനത്തിൽ തുടരുകയാണ്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 7.39 ലക്ഷവും രോഗമുക്തരുടെ എണ്ണം 7.16 ലക്ഷവുമായി. നിലവിൽ ചികിത്സയിലുള്ളത് 4,706 പേരാണ്. 24 മണിക്കൂറിനുള്ളിൽ നാല് പേർ മരിച്ചപ്പോൾ ആകെ മരണം 16,063 ആയി വർധിച്ചു. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 1,187 ദിവസത്തിലാണ്. നഗരത്തിൽ സീൽ ചെയ്ത കെട്ടിടങ്ങളുടെ എണ്ണം 46 ആയി.