മുംബൈ : ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്തുകഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തെൽത്തുംബ്‌ഡേയുടെ ജാമ്യാപേക്ഷയ്ക്ക് മറുപടിനൽകാൻ ദേശീയ അന്വേഷണ ഏജൻസിക്ക് ബോംബെ ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചു.

തന്റെ ജാമ്യാപേക്ഷ തള്ളിയ പ്രത്യേക കോടതി വിധിയെ ചോദ്യംചെയ്ത് കഴിഞ്ഞ മാസമാണ് തെൽത്തുംബ്‌ഡേ ഹൈക്കോടതിയെ സമീപിച്ചത്. തെൽത്തുംബ്‌ഡേയ്‌ക്കെതിരേ യു.എ.പി.എ. ചുമത്താൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കാണിച്ചാണ് പ്രത്യേക കോടതി ജൂലായിൽ ജാമ്യാപേക്ഷ തള്ളിയത്. കെട്ടിച്ചമച്ച തെളിവുകൾവെച്ചാണ് യു.എ.പി. എ. ചുമത്തിയതെന്നും തനിക്ക് സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ടെന്നും അഭിഭാഷകനായ മിഹിർ സെൻ മുഖേന നൽകിയ ഹർജിയിൽ തെൽത്തുംബ്‌ഡേ പറയുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് എസ്.വി. കോട്ട്‌വാളുമടങ്ങുന്ന ബെഞ്ചാണ് എൻ.ഐ.എ.യോട് മറുപടി നൽകാൻ ആവശ്യപ്പെട്ടത്.

യു.എ.പി.എ.യിലെയും ദേശീയ അന്വേഷണ ഏജൻസി നിയമത്തിലെയും ചില വകുപ്പുകളെ ചോദ്യംചെയ്ത് തെൽത്തുംബ്‌ഡേ നൽകിയ മറ്റൊരു ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മാവോവാദികളുമായി ബന്ധമുള്ള എല്ലാ സംഘടനകൾക്കും നിരോധനം ബാധകമാക്കിക്കൊണ്ടുള്ള വകുപ്പുകളെയാണ് തെൽത്തുംബ്‌ഡേ ചോദ്യംചെയ്തിരിക്കുന്നത്. മാവോവാദികളുമായി ബന്ധമുള്ള സംഘടനകൾ എന്നർഥത്തിലുള്ള അവ്യക്തമായ ചില പദപ്രയോഗങ്ങൾ ഇത്തരം കേസുകളിൽ അറസ്റ്റിലാവുന്നവർക്ക് ജാമ്യം നിഷേധിക്കപ്പെടാൻ കാരണമാകുന്നെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിനുമുമ്പും ശേഷവുമുണ്ടായ സംഘർഷത്തിൽ പങ്കുണ്ടെന്നാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി തെൽത്തുംബ്‌ഡേയടക്കം 16 മനുഷ്യാവകാശപ്രവർത്തകരെയാണ് അറസ്റ്റു ചെയ്തത്. അതിൽ ആദിവാസിക്ഷേമപ്രവർത്തകൻ ഫാ. സ്റ്റാൻസ്വാമി ജാമ്യം നിഷേധിക്കപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ മരിച്ചു. കവി വരവരറാവുവിന് മാത്രമാണ് ജാമ്യം കിട്ടിയത്. ബാക്കിയുള്ളവർ വിചാരണ കാത്തുകഴിയുകയാണ്.