മുംബൈ : ഫ്യൂച്ചർ കൂപ്പൺ-ആമസോൺ ഇടപാടുമായി ബന്ധപ്പെട്ട കരാറിൽ ഫ്യൂച്ചർ റീട്ടെയിലും ഭാഗമാണെന്ന് സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (സിയാക്) നിരീക്ഷിച്ചു. റിലയൻസ് റീട്ടെയിൽ വാഗ്‌ദാനം ചെയ്തിട്ടുള്ള 24,700 കോടിരൂപയുടെ ഏറ്റെടുക്കൽ പദ്ധതിക്ക് പുതിയ നിരീക്ഷണം കടുത്ത വെല്ലുവിളിയാകും.

ഇടപാടിന് അനുമതിതേടി ഓഹരിയുടമകളുടെ യോഗം വിളിക്കാൻ റിലയൻസ് റീട്ടെയിലിന് കഴിഞ്ഞദിവസം ദേശീയ കമ്പനിനിയമ ട്രിബ്യൂണലിന്റെ (എൻ.സി.എൽ.ടി.) മുംബൈ ബെഞ്ച് അനുമതി നൽകിയിരുന്നു. പുതിയ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ അനുമതി സ്റ്റേ ചെയ്യാനാവശ്യപ്പെട്ട് ആമസോൺ സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു.

2019-ൽ ഫ്യൂച്ചർ കൂപ്പണിന്റെ 49 ശതമാനം ഓഹരികൾ ആമസോൺ ഏറ്റെടുത്തിരുന്നു. ഫ്യൂച്ചർ കൂപ്പൺവഴി ഫ്യൂച്ചർ റീട്ടെയിലിൽ ആമസോണിന് അഞ്ചുശതമാനത്തിനടുത്ത് ഓഹരികൾ ലഭിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കരാറിൽ റിലയൻസ് ഉൾപ്പെടെ ആമസോണിന്റെ എതിരാളികൾക്ക് ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ വിൽക്കാൻ പാടില്ലെന്ന് നിബന്ധനയുണ്ടെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. ഫ്യൂച്ചർ റീട്ടെയിൽ ഈ കരാറിന്റെ ഭാഗമല്ലെന്നാണ് ഇതുവരെ ഫ്യൂച്ചർഗ്രൂപ്പ് വാദിച്ചിരുന്നത്. ഈ വാദത്തിനാണ് ഇപ്പോൾ തിരിച്ചടിയുണ്ടായിരിക്കുന്നത്.