പുണെ : ബി.ജെ.പി. ഭരണത്തിലുള്ള പിംപ്രി-ചിഞ്ച്‌വാഡ് നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ 500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് ശിവസേന.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ശിവസനാനേതാവ് സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു. ഇ.ഡി.യടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെമേൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെന്ന് പരിഹസിച്ച് ബി.ജെ.പി. നേതാവ് കീരീട് സോമയ്യയ്ക്ക് അദ്ദേഹം ഇതേക്കുറിച്ചു കത്തെഴുതിയത്.

പോരാളിയെന്ന് കീരീട് സോമയ്യയെ കളിയാക്കിയാണ് ശിവസേനാ നേതാവ് സഞ്ചയ് റാവുത്ത് പരാതിയുടെ കാര്യം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. സ്മാർട്ട് സിറ്റിയുടെ നിർമാണ കരാർ തത്പരകക്ഷികൾക്ക് ലഭ്യമാക്കുന്നരീതിയിലാണ് 2018-19-ൽ ഇതിന്റെ ടെൻഡർ വിളിച്ചതെന്ന ആരോപണങ്ങളുൾപ്പെടെ അദ്ദേഹം ഇതേക്കുറിച്ച് ഉന്നയിച്ചിട്ടുണ്ട്.

ബി.ജെ.പി. നേതാവ് കീരീട് സോമയ്യ ഉയർത്തുന്ന ആരോപണങ്ങൾക്കാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രാധാന്യം നൽകുന്നതെന്ന ഒരു പൊതുധാരണ നിലനിൽക്കുന്നതിനാലാണ് ഇതേക്കുറിച്ചുള്ള കത്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തതെന്നും സഞ്ജയ് റാവുത്ത് വെളിപ്പെടുത്തി.

എന്നാൽ തനിക്ക് ഇത്തരം ഒരു കത്ത് ലഭിച്ചിട്ടില്ലെന്നാണ് കീരിട് സോമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.