മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് വരുന്നതെന്നും അടുത്ത പത്തുദിവസം നിർണായകമാണെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഏഴുലക്ഷത്തിലേക്ക് എത്തിക്കഴിഞ്ഞു. പത്തു ദിവസത്തിനുള്ളിലാണ് ഇവരുടെ എണ്ണം ഒന്നരലക്ഷത്തോളം വർധിച്ചത്. 60,000-ത്തിന് മേൽ ആളുകൾ ശരാശരി ഓരോ ദിവസവും രോഗബാധിതരാകുമ്പോൾ 50,000-ത്തോളം പേർ ഓരോദിവസവും ആശുപത്രി വിടുന്നുണ്ട് എന്നത് മാത്രമാണ് ചെറിയ ആശ്വാസം.

ദിവസം 10,000-ത്തിലധികം പേർക്കാണ് ചികിത്സയിൽ കഴിയേണ്ടിവരുന്നത്. പുണെയിലാണ് ഏറ്റവുംകൂടുതൽപേർ ചികിത്സയിലുള്ളത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 1,17,251 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. തൊട്ടടുത്ത സ്ഥാനത്തുള്ള മുംബൈയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 82,671 ആണ്. പത്ത് ദിവസത്തിനുള്ളിൽ ഇവ രണ്ടും യഥാക്രമം 1.85 ലക്ഷത്തിലേക്കും 1.46 ലക്ഷത്തിലേക്കും ഉയരുമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്.

താനെയിൽ നിലവിലുള്ള കണക്കുപ്രകാരം 80,440 പേരാണ് ചികിത്സയിലുള്ളത്. ഇത് 1.22 ലക്ഷത്തിലേക്കും നാഗ്പുരിൽ 78,000 ഒന്നേകാൽ ലക്ഷത്തിലേക്കും ഉയരുമെന്നാണ് സൂചന. മാത്രമല്ല ഈ നാലുനഗരങ്ങളിലും രോഗബാധിതർക്ക് കൃത്യമായചികിത്സ നൽകാനുള്ള സൗകര്യം ലഭിക്കാത്ത അവസ്ഥയിലുമാകും.

ചെറിയ രോഗലക്ഷണങ്ങളുള്ള രോഗികളുടെ കാര്യത്തിൽ മുംബൈയിൽ ആ സമയത്തും 3,800-ഓളം കിടക്കകൾ ലഭ്യമായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പുണെയിൽ 34,000-ത്തോളവും നാഗ്പുരിൽ 32,000 -ത്തോളവും താനെയിൽ 19,000-ത്തോളവും കിടക്കകളുടെ കുറവുണ്ടാകും. ചുരുക്കത്തിൽ ഈ മൂന്നു നഗരങ്ങളിലും രോഗികൾക്ക് വീട്ടിൽതന്നെ കഴിയേണ്ടിവരും.

അതേസമയം ഓക്സിജൻ സംവിധാനമുള്ള കിടക്കകളും ഐ.സി.യു. കിടക്കകളും വെന്റിലേറ്റർ സംവിധാനവുമില്ലാതെ നാലുനഗരങ്ങളും ബുദ്ധിമുട്ടിലാകും. മുംബൈയിൽമാത്രം 6400 -ഓളം ഓക്സിജൻ കിടക്കകളും 1400-ലധികം ഐ.സി.യു. കിടക്കകളും 120-ലധികം വെന്റിലേറ്ററുകളും കുറവുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

പുണെ, നാഗ്പുർ, താനെ എന്നിവിടങ്ങളിലെ അവസ്ഥ ഇതിലും മോശമായിരിക്കും. മറ്റുജില്ലകളുടെ കണക്കുകൾ ഇതിനോട് ചേർക്കുമ്പോൾ മേയ് ആദ്യവാരമാകുമ്പോഴേക്കും മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ അവസ്ഥ അതിദയനീയമായിരിക്കും. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരണസംഖ്യയും കൂടും.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് ആയിരത്തിലധികം പേരാണ്. 62,000-ത്തോളം പേർ സംസ്ഥാനത്ത് ഇതുവരെ മരിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ മാത്രം മരിച്ചത് 7000-ത്തോളം പേരാണ്. രാജ്യത്ത് ആകെ മരിച്ചവരിൽ മൂന്നിലൊന്ന് മഹാരാഷ്ട്രയിലാണ്.