മുംബൈ : കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി മഹാരാഷ്ട്രയ്ക്ക് ദിവസം 50,000 വയൽ റെംഡെസിവർ മരുന്ന് ആവശ്യമുണ്ടെന്നും എന്നാൽ 26,000 മാത്രമാണ് കേന്ദ്രം നൽകുന്നതെന്നും സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. റെംഡെസിവറിന്റെ വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയ്ക്ക് ആവശ്യമായ റെംഡെസിവർ മരുന്നിന്റെ പകുതിമാത്രമാണ് കിട്ടുന്നതെന്ന് മന്ത്രി പറഞ്ഞു.

അതും അടുത്ത പത്തുദിവസേത്തേയ്ക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് അടിയന്തരമായി വർധിപ്പിക്കേണ്ടതുണ്ട്. മേയ് ഒന്നിന് പ്രതിരോധ കുത്തിവെപ്പിന്റെ അടുത്ത ഘട്ടം തുടങ്ങുമ്പോൾ കൂടുതൽ വാക്സിൻ വാങ്ങാൻ മഹാരാഷ്ട്ര തയ്യാറെടുപ്പു തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവർത്തകർക്കും 45 വയസ്സു കഴിഞ്ഞവർക്കും തുടർന്നും സൗജന്യമായി വാക്സിൻ നൽകും. പതിനെട്ടിനും 45-നും ഇടയ്ക്ക് പ്രായമുള്ളവരിൽനിന്ന് പണം ഈടാക്കുമോയെന്നകാര്യം മന്ത്രി വ്യക്തമാക്കിയില്ല.