മുംബൈ : ഷാനാവാസ്‌ ശൈഖിന്റെ കാരുണ്യം ജീവവായുവിന്നുവേണ്ടി കേഴുന്ന കോവിഡ്‌ ബാധിതരെ തേടി ചെല്ലുന്നു. പണംവാങ്ങാതെയുള്ള നിസ്വാർഥസേവനം മലാഡ്‌ മൽവാണി സ്വദേശിയായ ഷാനവാസിനെ വ്യത്യസ്തനാക്കുന്നു. മഹാമാരിയുടെ തരംഗത്തിൽ മുംബൈയിൽ ഓക്സിജനുവേണ്ടി രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടംഓടുന്ന പ്രതിസന്ധിഘട്ടത്തിലാണ്‌ ഷാനവാസ്‌ 22 ലക്ഷം രൂപയ്ക്ക്‌ തന്റെ ആഡംബരവാഹനം വിറ്റ്‌ 160 ഓക്സിജൻ സിലിൻഡറുകൾ വാങ്ങിയത്‌.

കഴിഞ്ഞവർഷം കോവിഡ്‌ വ്യാപനം ശക്തമായ വേളയിലാണ്‌ പ്രാണവായുവിന്റെ വില ഷാനവാസ്‌ മനസ്സിലാക്കിയത്‌. കൂട്ടുകാരന്റെ പിതാവ്‌ ഓക്സിജൻ ലഭിക്കാതെ ഒരു ആശുപത്രിക്ക്‌ മുമ്പിൽ ഓട്ടോയിൽകിടന്ന്‌ മരിച്ചത്‌ ഷാനവാസിന്റെ മനസ്സിനെ പിടിച്ചുലച്ചു. ഓക്സിജൻ സിലിൻഡർ ഇല്ലാതിരുന്നതാണ് ആശുപത്രിയിലേക്ക് പ്രവേശനം നിഷേധിക്കാൻ കാരണം. ഈ സംഭവത്തെ തുടർന്ന്‌ അന്ന്‌ തന്റെ കൈവശം ഉണ്ടായിരുന്ന കാറ്‌ വിറ്റ്‌ ഷാനവാസ്‌ ഓക്സിജൻ സിലിൻഡറുകൾ വാങ്ങി. ആവശ്യമുള്ളവർക്ക്‌ സിലിൻഡറുകൾ എത്തിച്ചുകൊടുത്തു.

അന്ന് സാമൂഹികമാധ്യമങ്ങളിൽ ഷാനാവാസ്‌ നിറഞ്ഞുനിന്നു. അതോടെ അദ്ദേഹം ഓക്സിജൻ മാൻ എന്നറിയപ്പെട്ടു. ഇത്തവണ വാഹനം വിറ്റ്‌ വാങ്ങിയതടക്കം ഷാനവാസിന്റെ പക്കൽ ആകെ 200 ഓക്സിജൻ സിലിണ്ടറുകളുണ്ട്‌. ഓക്സിജൻ സിലിൻഡറുകൾ ആവശ്യമുള്ളവരെ സഹായിക്കാനായി ഒരു കൺട്രോൾറൂമിനു തന്നെ അദ്ദേഹം രൂപംനൽകി.

ഷാനവാസിനെ സഹായിക്കാനായി മൽവാണിയിലെ സുഹൃത്തക്കളും ഒത്തുചേർന്നു. ഇവർ ഓക്സിജൻ സിലിൻഡറുകൾ ആവശ്യമുള്ളവർക്ക്‌ വീടുകളിൽ അത്‌ എത്തിച്ചുനൽകുന്നുണ്ട്. കൂടാതെ അതിന്റെ ഉപയോഗത്തെക്കുറിച്ചും വിശദീകരിക്കും. മൂന്ന്‌ മാസങ്ങൾക്ക്‌ മുമ്പുവരെ ഓക്സിജൻ സിലിൻഡറുകൾക്കായി പ്രതിദിനം 50 ഫോൺവിളികളാണ്‌ വന്നിരുന്നതെങ്കിൽ ഇപ്പോൾ പ്രതിദിനം 600 വരെ ഫോൺവിളികൾ വരുന്നുണ്ടെന്ന്‌ അദ്ദേഹം പറയുന്നു. ഷാനവാസും സംഘവും ഇതുവരെ 4000 പേർക്ക്‌ സഹായം എത്തിച്ചിട്ടുണ്ട്‌.