മുംബൈ : മഹാരാഷ്ട്രയിലെ ആശുപത്രികൾക്കുള്ള ഓക്സിജൻവിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടി ഉടൻ പിൻവലിക്കണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനംകാരണം വലയുന്ന സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രതീരുമാനം ഇടിത്തീയായാണ് പതിച്ചതെന്ന് ഹൈക്കോടതി നാഗ്പുർ ബെഞ്ച് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജന്റെയും റെംഡസിവർ മരുന്നിന്റെയും ദൗർലഭ്യത്തെക്കുറിച്ച് സ്വമേധയായെടുത്ത കേസിൽ ബുധനാഴ്ച രാത്രി വൈകി വാദം കേൾക്കുന്നതിനിടെയാണ് ബന്ധപ്പെട്ട അധികൃതരെ ഹൈക്കോടതി നിശിതമായി വിമർശിച്ചത്. വിദർഭ മേഖലയ്ക്ക് ആവശ്യത്തിന് റെംഡസിവർ എത്തിക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിനെ വിമർശിച്ച ജസ്റ്റിസ് സുലിൽ സുക്രേയും ജസ്റ്റിസ് എസ്.എം. മോഡക്കുമടങ്ങുന്ന ബെഞ്ച് നിങ്ങൾക്ക് സ്വയം ലജ്ജതോന്നുന്നില്ലെങ്കിൽ ഞങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ടെന്ന് പറയുകയും ചെയ്തു.

മഹാരാഷ്ട്രയിൽ നാഗ്പുർ ഉൾപ്പെടെയുള്ള വിദർഭ മേഖലയ്ക്ക് ഛത്തീസ്ഗഢിലെ ഭിലായിൽ കേന്ദ്ര ഉടമസ്ഥതയിലുള്ള പ്ലാന്റിൽ നിന്ന് 110 മെട്രിക് ടൺ ഓക്സിജനാണ് കിട്ടിക്കൊണ്ടിരുന്നത്. അത് 60 മെട്രിക് ടണ്ണായി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിട്ടതിനെത്തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്തെ 40 ശതമാനം കോവിഡ് രോഗികളും മഹാരാഷ്ട്രയിലാണെന്നും ഓക്സിജൻ വിഹിതം വർധിപ്പിക്കുന്നതിനുപകരം കുറച്ചനടപടി ഇടിത്തീപോലെയാണ് സംസ്ഥാനത്തിന്റെ തലയിൽ പതിച്ചതെന്നും കോടതി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അവഗണിച്ച് 110 മെട്രിക് ടൺ ഓക്സിജൻ തുടർന്നും ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. കോവിഡ് രോഗികൾക്ക് നൽകുന്ന റെംഡസിവർ മരുന്നിന്റെ 10,000 വയലുകൾ അന്നു രാത്രിയോടെ നാഗ്പുർ ജില്ലയിലെ ആശുപത്രികൾക്ക് നൽകണമെന്ന് ഹൈക്കോടതി ഏപ്രിൽ 19-ന് ഉത്തരവിട്ടിരുന്നു. ഈ നിർദേശം നടപ്പായോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് ‘ഞങ്ങൾക്ക്‌ ഞങ്ങളക്കെുറിച്ച് ഓർത്തുതന്നെ ലജ്ജ തോന്നുന്നു’ എന്ന് കോടതി പറഞ്ഞത്.

രാജ്യത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹർജികളിൽ ഹൈക്കോടതി തുടർന്നും വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കി. ആശുപത്രികളിലെ ഓക്സിജൻ ലഭ്യതെയക്കുറിച്ചും മരുന്നു ലഭ്യതയെക്കുറിച്ചുമുള്ള പൊതുതാത്പര്യ ഹർജികളിൽ വാദം കേൾക്കുന്നതിനിടെ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് സുപ്രീംകോടതി നടപടി ചൂണ്ടിക്കാണിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയം സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുന്നുണ്ടന്നും കീഴ്‌ക്കോടതികളിലെ കേസ് അങ്ങോട്ടു മാറ്റണമെന്ന് നിർദേശിച്ചുണ്ടെന്നും അനിൽ സിങ് പറഞ്ഞു. കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അതുവരെ ഹൈക്കോടതി അവയിൽ വാദം കേൾക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.