മുംബൈ : ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് നാസിക്കിൽ 24 കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. മരണത്തിന് കാരണമാകുന്ന കൃത്യവിലോപക്കുറ്റമാണ് തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

കോവിഡ് വ്യാപനവും ഓക്സിജൻക്ഷാമവും രൂക്ഷമായിതുടരുന്ന മഹാരാഷ്ട്രയിൽ, നാസിക്കിലെ സാക്കീർ ഹുസൈൻ മുനിസിപ്പൽ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ശ്വാസോച്ഛാസമെടുത്തിരുന്ന രോഗികളാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഓക്സിജൻ വിതരണം മുടങ്ങിയതിനെത്തുടർന്ന് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് നാസിക്കിലെ ഭദ്രകാളി പോലീസ് സ്റ്റേഷനിൽ ഐ.പി.സി. 304-എ പ്രകാരം പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പ്രഖ്യാപിച്ചിട്ടുണ്ട്.

ടാങ്കറിൽ കൊണ്ടുവന്ന ദ്രവീകൃത ഓക്സിജൻ സംഭരണിയിലേക്ക് മാറ്റുന്നതിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ് ഓക്സിജൻ സംഭരണിയിൽ ചോർച്ച തുടങ്ങിയതെന്ന് പോലീസ് അറിയിച്ചു. ചോർച്ചകാരണം സംഭരണിയിലെ മർദം പെട്ടെന്ന് താഴ്ന്നതോടെ വെന്റിലേറ്ററുകളിലേക്കുള്ള ഓക്സിജൻ പ്രവാഹംനിലച്ചു. ഒന്നേമുക്കാലോടെയാണ് ചോർച്ചയടച്ച് മർദം പുനഃസ്ഥാപിച്ച് ഓക്സിജൻവിതരണം പഴയതുപോലെയാക്കിയത്. അപ്പോഴേക്കും ആശുപത്രിയിലെ 157 കോവിഡ് രോഗികളിൽ വെന്റിലേറ്ററിലുണ്ടായിരുന്ന 24 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

വഡോദര ആസ്ഥാനമായുള്ള ഐനോക്‌സ്വ എന്ന സ്വകാര്യസ്ഥാപനമാണ് ആശുപത്രിയിൽ ഓക്സിജൻ സംഭരണി സ്ഥാപിച്ചത്. ജപ്പാനിലെ തൈയോ നിപ്പോൺ സാൻസോ എന്ന കമ്പനിയിൽനിന്ന് പാട്ടത്തിനെടുത്ത ടാങ്കാണ് ഇത്. 13,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് മാർച്ച് 31-നാണ് ഉപയോഗിച്ചുതുടങ്ങിയത്. മൂന്നാഴ്ചമാത്രം പ്രവർത്തിച്ചപ്പോഴേക്കും വാതകച്ചോർച്ചയുണ്ടായത് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള അലംഭാവത്തിന്റെ ഫലമായിട്ടാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആരൊക്കെയാണ് കൃത്യവിലോപം കാണിച്ചതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.