മുംബൈ : നാസിക്കിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് 24 രോഗികൾ മരിച്ചസംഭവത്തിൽ ബോംബെ ഹൈക്കോടതി മഹാരാഷ്ട്രസർക്കാരിന് നോട്ടീസയച്ചു. സംഭവത്തെക്കുറിച്ച് മേയ് നാലിനകം വിശദമായറിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് ജി.എസ്. കുൽക്കർണിയുമടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.

നാസിക്കിലെ സാക്കീർ ഹുസൈൻ മുനിസിപ്പൽ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ രോഗികൾമരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്താണ് കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. സംസ്ഥാനസർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോണി ആശുപത്രിയിൽ നടന്നസംഭവങ്ങൾ വാക്കാൽ വിശദീകരിച്ചു. ആശുപത്രിയിൽ ഓക്സിജൻ സംഭരണി സ്ഥാപിച്ചതിന്റെയും അതിന്റെ അറ്റകുറ്റപ്പണിയുടെയും ഉത്തരവാദിത്വം ഒരു സ്വകാര്യ സ്ഥാപനത്തിനാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.